കൊല്ലം :മുണ്ടയ്ക്കൽ റോഡ് തകർന്നനിലയിലാണ്. വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപണികൾ പോലും നടത്താറില്ല. കൊല്ലങ്ങളായി തകർന്ന റോഡിലൂടെ നടന്നു തളർന്ന കൊല്ലംമുണ്ടക്കൽ നിവാസികൾ പ്രതിഷേധത്തിലാണ്. യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ ശോച്യാവസ്ഥയിലാണ് കൊല്ലം മുണ്ടക്കൽ ഭാഗത്തെ ഭൂരിഭാഗവും റോഡുകളും .
സിറ്റിപോലീസ് കമ്മീഷണർ ഓഫീസിനുമുന്നിൽ നിന്നും കൊല്ലം ബീച്ച് റോഡ് ,കോളേജ് ജംഗ്ഷൻ ,കൊല്ലം പാപനാശം തുടങ്ങിയ തീരദേശ റോഡുകളെ ബന്ധിപ്പിക്കുന്ന ഇട റോഡാണ് രണ്ടുകൊല്ലമായി തകർന്ന നിലയിലായത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി റോഡ് സൈഡുകളിൽ എടുക്കുന്ന കുഴികളാണ് റോഡ് തകരാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
പലപ്പോഴുംറോഡ് വെട്ടിപൊളിച്ച് കുഴികളെടുത്താൽ അവ വേണ്ടപോലെ മൂടാറില്ല. ഇത് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കുന്നതായിനേരത്തെ ആരോപണമുണ്ട്. കോളജ് -സ്കൂൾ വിദ്യാർഥികളും അധ്യാപകരും,വയോജനങ്ങളും ഉൾപ്പടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന റോഡുകളാണിത്.
ഇരുചക്രവാഹന യാത്രികരാണ് കൂടുതലായി ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് അപകടങ്ങൾ ഏറെ നടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനെതിരെ ഹ്യൂമൺ റൈറ്റ്സ് മിഷൻ ഭാരവാഹി ഗിരിയുടെ നേതൃത്വത്തിൽ പ്രദേശവാസികൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ്.