ചാവക്കാട്: അരിയങ്ങാടിയിലെ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടത്തിന്റെ ഒന്നാംനില ഭാഗികമായി തകർന്നു. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം. ആളപായമില്ല.തൃശൂർ ചിറ്റിലപ്പിള്ളി വറീത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. വെട്ടുകല്ലും മരവും ഓടും ഉപയോഗിച്ച് നിർമിച്ച വലിയ കെട്ടിടത്തിൽ മൂന്ന് കടകൾ പ്രവർത്തിക്കുന്നുണ്ട്.
അഞ്ചു മുറികൾ ഗോഡൗണായി ഉപയോഗിക്കുകയാണ്. ഒന്നാം നിലയിലെ നാലു വലിയ മുറികൾ അടഞ്ഞുകിടക്കുകയാണ്. യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതാണ് തകർച്ചക്ക് കാരണമായത്.അപകടവിവരം ചിറ്റിലപ്പിള്ളി ട്രസ്റ്റിനെ അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് ചാവക്കാട് നഗരസഭ, പോലീസ്, ഫയർഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടത്തിലെ കടകൾ തുറക്കരുതെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
അരിയങ്ങാടി റോഡ് ഭാഗികമായി അടച്ചതിനെ തുടർന്ന് മറ്റു കെട്ടിടത്തിലെ വ്യാപാരികൾ ദുരിതത്തിലായി.ഗുരുവായൂർ ഫയർ സർവീസിന്റെ നേതൃത്വത്തിൽ, അപകടസ്ഥിതിയിലായ കെട്ടിടത്തിന്റെ കല്ലും ഓടും മരവും മറ്റും നീക്കം ചെയ്യുന്നുണ്ട്.
അപകടസ്ഥിതിയിലായ കാലപഴക്കംചെന്ന കെട്ടിടം പൊളിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് വ്യാപാരം ചെയ്യാനുള്ള സൗകര്യം ചെയ്യണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോജി തോമസ് ആവശ്യപ്പെട്ടു.