മുക്കം: കോഴിക്കോട് താലൂക്ക് ഭൂരേഖാ തഹസിൽദാർ അനിതകുമാരിയും കുടുംബവും കയ്യേറിയ പുറമ്പോക്ക് ഭൂമി സ്വയം ഒഴിഞ്ഞു കൊടുത്തു. ഭൂമി കയ്യേറി നിർമിച്ച നടവഴിയും കെട്ടിടവും സ്വന്തം ചിലവിൽ പൊളിച്ചു മാറ്റുകയായിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരുടെ മുക്കം-കുറ്റിപ്പാല റോഡിലെ വീടിനോട് ചേർന്ന മൂന്ന് സെന്റ് ഭൂമിയോളം കയ്യേറിയതായി കണ്ടെത്തിയിരുന്നത്. പരിശോധനാ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർക്കെതിരെ വകുപ്പ് തല നടപടികൾ അടക്കമുള്ളവ സ്വീകരിക്കാനിരിക്കെയാണ് ഇന്നലെ കയ്യേറ്റം ഒഴിഞ്ഞത്. കോഴിക്കോട് ജില്ലയിലെ സർക്കാർ ഭൂമി കയ്യേറ്റം കണ്ടെത്തി നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥ സർക്കാർ ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നത് വിവാദമായിരുന്നു.
തഹസിൽദാർ ഭൂമി കൈയ്യേറിയതായി ആരോപിച്ച് കോഴിക്കോട് സ്വദേശിയായ രത്നാകരൻ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുൻപ് നടത്തിയ പരിശോധനയിൽ ഭൂമി കയ്യേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും കോഴിക്കോട് കലക്ടർക്ക് നൽകിയ പരാതിയിൽ നടപടി ഇല്ലാതിരുന്നതോടെയാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജില്ലാ സർവെ സൂപ്രണ്ട് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സർവെയിലാണ് മൂന്ന് സെന്റ് ഭൂമി കൈയ്യേറിയതായി കണ്ടെത്തിയത്. എന്നാൽ തങ്ങൾക്കെതിരെ പരാതിക്കാരൻ വ്യക്തിപരമായ ശത്രുത തീർക്കുകയാണെന്നായിരുന്നു തഹസിൽദാരുടെ ഭർത്താവ് ആരോപിച്ചിരുന്നത്.