അന്പലപ്പുഴ: രാജ്യത്തെ തന്നെ ആദ്യ മോഡൽ കോവിഡ് സെയ്ഫ് ഹോസ്പിറ്റലായി തകഴി പ്രാഥമികാരോഗ്യകേന്ദ്രം മാറുന്നു. ഇവിടെ വരുന്ന രോഗികൾക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരിൽ നിന്ന് രോഗമുണ്ടാകില്ല എന്ന് ഈ സ്ഥാപനം ഉറപ്പ് നൽകുന്നു.
ഇതിനായി ആശുപത്രിയിൽ പുതിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യമായി രോഗികൾ ഫ്രണ്ട് ഓഫീസിലേക്ക് വരിക. അവിടെ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ രോഗികൾക്ക് ലഭിക്കും.
തുടർന്ന് രോഗികൾ അവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക വഴികളിലൂടെ ഡോക്ടറെ കാണാൻ ഒപി യിലേക്ക് പോകണം. ഡോക്ടറും രോഗിയും തമ്മിൽ വായുസന്പർക്കം ഉണ്ടാകാത്ത വിധത്തിൽ നിർമിച്ചിരിക്കുന്ന ഗ്ലാസ് പാർട്ടീഷ്യനുള്ള കിയോസ്കുകളിലൂടെ ഡോക്ടർക്ക് രോഗിയുടെ പ്രഷർ നോക്കുന്നതിനും സ്റ്റതസ്കോപ് ഉപയോഗിച്ച് രോഗിയെ പരിശോധിക്കുന്നതിനും സാധിക്കും.
കിയോസ്കിലെ ഫിക്സഡ് ഗ്ലൗസിലൂടെ രോഗിയെആവശ്യമെങ്കിൽ തൊട്ട് പരിശോധിക്കാനും സാധിക്കും. ഡോക്ടർക്കും രോഗിക്കും പരസ്പരം സംസാരിക്കുന്നതിനായി ഇരുവശത്തും മൈക്കും സ്പീക്കറും ഏർപ്പെടുത്തിയിട്ടുണ്ട്.
പരിശോധനയ്ക്കു ശേഷം ഡോക്ടർ ഒപി ടിക്കറ്റിൽ മരുന്ന് എഴുതി ഫാർമസിയിലേക്ക് ഇന്റർനെറ്റ് മുഖാന്തരംഅയക്കും. ലാബ് പരിശോധനകൾ ആവശ്യമുള്ള രോഗികൾക്കുള്ള ടെസ്റ്റുകളും ഡോക്ടർ ഇന്റർനെറ്റ് മുഖാന്തരം ലാബിലേക്ക് അയക്കും. ലാബ് ടെസ്റ്റ് ആവശ്യമില്ലാത്ത രോഗികൾക്ക് നേരെ ഫാർമസിയുടെ മുന്നിലേക്ക് പോകാം.
അവിടെ ഫാർമസിയിൽ നിന്നു മൂന്ന് മീറ്റർ അകലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിലൂടെ രോഗിയുടെ മുന്നിലിരിക്കുന്ന ബാസ്കറ്റിലേക്ക് മരുന്നും ഒപി ചീട്ടും വരും. തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസറിൽ നിന്നു കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം രോഗികൾക്ക് മരുന്നും ഒപി ടിക്കറ്റും എടുത്തു കൊണ്ട് പോകാം.
ലാബ് ടെസ്റ്റുകൾ വേണ്ടിവരുന്നവർ നേരെ ലാബിലേക്ക് പോകണം. അവിടെ ഏർപ്പെടുത്തിയിരിക്കുന്ന കിയോസ്കുകൾ വഴി വായു സന്പർക്കമില്ലാതെ ബ്ലഡ് എടുക്കും. തുടർന്ന് റിസൾട്ട് ഡോക്ടറുടെ മൊബൈലിലേക്കും രോഗിയുടെ മൊബൈലിലേക്കും അയക്കും.
മൊബൈൽ ഇല്ലാത്തവരുടെ റിസൾട്ട് ഫ്രണ്ട് ഓഫീസിലേക്ക് അയക്കും. റിസൾട്ടിന്റെ പ്രിന്റ് ആവശ്യമുള്ള രോഗികൾക്ക് ഫ്രണ്ട് ഓഫീസിൽ നിന്നും നൽകും. യന്ത്രസംവിധാനത്തിന്റെ സഹായത്തോടെ റോപ്പിലൂടെ രോഗിയുടെ അടുത്തേക്ക് റിസൾട്ടിന്റെ പ്രിന്റ് കിട്ടും.
ആശുപത്രി ജീവനക്കാരുമായി യാതൊരു സന്പർക്കവും വരാതെ തന്നെ രോഗികൾക്ക് ആശുപത്രിയിൽ വന്ന് ചികിൽസ കഴിഞ്ഞ് മടങ്ങാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ആശുപത്രി ജീവനക്കാർ തമ്മിൽ സന്പർക്കം ഉണ്ടാകാതിരിക്കുവാനായി ഓരോ വിഭാഗം ജീവനക്കാർക്കും അവരവരുടെ റൂമിലേക്ക് പോകുന്നതിനായി പ്രത്യേകം പ്രത്യേകം വഴികളാണ് നിർമിച്ചിരിക്കുന്നത്.
ജീവനക്കാർ തമ്മിലുള്ള രോഗ വ്യാപനം ഉണ്ടാകില്ലെന്ന് ഇതിലൂടെ ഉറപ്പ് വരുത്തുന്നു.