വൈപ്പിൻ: ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് വറുതിയിലും തക്കാളി ചെമ്മീനിന്റെ സാന്നിധ്യം ആ ശ്വാസമായി. നല്ല പഴുത്ത തക്കാളിയുടെ നിറമുള്ള ഈ ചെമ്മീൻ ഹാർബറുകളിലെ ലേലപ്പുരകളിൽ കൂട്ടിയിട്ടിരിക്കുന്നത് കണ്ടാൽ പൂക്കളം ഇട്ടിരിക്കുന്ന പോലെയോ ഉണക്ക മുളക് കൂട്ടിയിട്ടിരിക്കുന്ന പോലെയോ ഒക്കെയാണ് തോന്നുക. വടക്കൻ കേരളത്തിൽ തലശേരി , ബേപ്പൂർ , ഹാർബറുകളിൽ അടുക്കുന്ന ബോട്ടുകളിൽ ഇപ്പോൾ വ്യാപകമായി ഈ ചെമ്മീൻ കാണുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ആഴക്കടൽ ചെമ്മീനായ പുല്ലൻ ചെമ്മീനിന്റെ തന്നെ ഒരു വംശമാണിതത്രേ. മത്സ്യബന്ധന തൊഴിലാളികളാണ് ഇതിനു തക്കാളി ചെമ്മീൻ എന്ന് പേരിട്ടത്. ഏതാണ്ട് രണ്ട് പതിറ്റാണ്ടു കാലം മുന്പാണ് കടലിൽ ഇവ കണ്ടു തുടങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു.
ഇതേ പോലെ നീളം പുല്ലൻ, മുട്ടപ്പുല്ലൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള പേരുകളിൽ അറിയപ്പെടുന്ന ആഴക്കടൽ ചെമ്മീനുകൾക്ക് മാസം തീരെ കുറവായിരിക്കും. തൊണ്ടിനു വള രെ കട്ടികൂടുതലുള്ള ഇനം ചെമ്മീനാണിത്. സാധാരണ പുല്ലൻ ചെമ്മീന് ഒരു കിലോ വിൽ നിന്നും 350 ഗ്രാം മാംസമേ ലഭിക്കു. എന്നാൽ പുല്ലൻ ഇന ത്തിൽ തന്നെയുള്ള തക്കാളി ചെമ്മീന്റെ കാര്യത്തിൽ ഈ നിരക്ക് വീണ്ടും കുറവായിരിക്കുമെന്ന് ചെമ്മീൻ സംസ്കരണവുമായി ബന്ധപ്പെട്ടവർ പറയുന്നു.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് സാധാരണ ആഴക്കടൽ പുല്ലൻ ചെമ്മീനുകളുടെ സാന്നിധ്യമത്രേ. വിലയാകട്ടെ മറ്റു ചെമ്മീനുകളെ അപേക്ഷിച്ച് വളരെ കുറവാണു താനും. എങ്കിലും വിദേശരാജ്യങ്ങളിൽ ഇതിന്റെ മാംസത്തിനു വലിയ ഡിമാന്റ് ഉണ്ട്. മത്സ്യങ്ങൾ വളരെ കുറവുള്ള ഈ സമയങ്ങളിൽ മത്സ്യബന്ധന മേഖലയിൽ അല്പമെങ്കിലും ആശ്വാസമാകുന്നത് ഈ പുല്ലൻ ചെമ്മീനുകളുടെ സാന്നിധ്യമാണെന്ന് ബോട്ടുടമകൾ പറയുന്നു.