കൊച്ചി: വിവിധ ബാങ്കുകളിൽനിന്നു സ്വർണാഭരണ നിർമാണശാലയുടെ പേരിൽ 30 കോടി രൂപയിലധികം രൂപ വായ്പയെടുത്തു തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ തൃശൂർ പൊഞ്ഞനം സ്വദേശി മുളങ്ങാടൻ വീട്ടിൽ തക്കാളി സുരേഷ് എന്ന സുരേഷ് (48) ആള് ചില്ലറക്കാരനല്ലെന്നു പോലീസ്.
തന്റ സ്വർണാഭരണ നിർമാണശാലയിൽ പങ്കാളിയാക്കാമെന്നും വലിയ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വശത്താക്കുകയും അവരുടെ വസ്തു ബാങ്കിൽ ഈടുവച്ച് ഭീമമായ തുക ലോണെടുത്തു തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ പ്രതി ഏറെപ്പേരെ പാപ്പരാക്കിയതായാണ് അധികൃതർ നൽകുന്ന വിവരം.
പ്രതി പിടിയിലായതോടെ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയർന്നുവരാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. വസ്തു ഈട്വച്ച് ലോണെടുക്കുന്നതിൽ സുരേഷിന് ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചതായാണു വിവരം. ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കാട്ടൂർ പൊഞ്ഞനത്ത് സുരേഷ് നടത്തിവന്ന ലാസ്യ ഡയമണ്ട് ആൻഡ് ജ്വല്ലേഴ്സ് എന്ന ആഭരണനിർമാണ യൂണിറ്റിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ച് പയ്യോളി സ്വദേശികളായ ബാലകൃഷ്ണൻ, ചന്ദ്രിക എന്നിവരുടെ വസ്തു ഈടുവച്ച് കലൂർ സിഡ്ബിയിൽനിന്ന് 3.5 കോടി രൂപ വായ്പയെടുത്ത ശേഷം ഒളിവിൽ പോയ സംഭവത്തിൽ നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തക്കാളി സുരേഷ് പിടിയിലാകുന്നത്.
വിശദമായ ചോദ്യംചെയ്യലിൽ തൃശൂർ, എറണാകുളം ജില്ലകളിലെ നിരവധി ബാങ്കുകളിൽനിന്ന് കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 2007 മുതൽ 2015 വർഷംവരെ ലാസ്യ ഡയമണ്ട്സ് ജ്വല്ലറിയുടെപേരിൽ പത്ത് ബാങ്കുകളിൽനിന്നായി 32 കോടിയിലധികം രൂപ വായ്പ എടുത്ത പ്രതി 2015 ൽ മാത്രം 15.39 കോടി രൂപ തരപ്പെടുത്തിയതായും കണ്ടെത്തി. ഇത്തരത്തിൽ വായ്പ എടുത്ത 32 കോടിയിൽ 28 കോടിയും തിരിച്ചടച്ചിട്ടില്ലെന്നു ബാങ്കുകളിൽനിന്നു ലഭിച്ച രേഖകളിൽനിന്നു വ്യക്തമായിട്ടുണ്ട്.
വളരെ ചെറുപ്പത്തിൽ നാടു വിട്ട സുരേഷ് തട്ടിപ്പ് പരിപാടികൾ ആരംഭിക്കുന്നത് മുംബൈയിൽനിന്നാണ്. നിരവധിപ്പേർക്കാണു സുരേഷിന്റെ തട്ടിപ്പിൽ കിടപ്പാടം വരെ നഷ്ടപ്പെട്ടിരിക്കുന്നത്. മുംബൈയിലെത്തി അവിടെ ഡയമണ്ട് പോളിഷ് കന്പനിയിൽ സഹായിയായിട്ടായിരുന്നു തുടക്കം. ഡയമണ്ട് പോളിഷിംഗ് പഠിച്ചശേഷം കന്പനി ലീസിനെടുത്തു നടത്തി. നാലുവർഷം അവിടെനിന്ന സുരേഷിനെ സ്വഭാവദൂഷ്യത്തിന് കന്പനിയിൽനിന്നു പുറത്താക്കി.
തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സുരേഷ് 1999 ൽ തളിക്കുളം സ്വദേശിയുമായി ചേർന്ന് വൈറ്റിലയിൽ ലാസ്യ എന്ന പേരിൽ ഗോൾഡ് ഓർണമെന്റ്സ് മാനുഫാക്ചറിംഗ് യൂണിറ്റ് ആരംഭിച്ചു. നാലു വർഷം ഈ സ്ഥാപനം നടത്തിയപ്പോഴേക്കും ജ്വല്ലറി ഉടമയായ തളിക്കുളം സ്വദേശിക്ക് 50 ലക്ഷം രൂപ നഷ്ടമായി. ഇയാൾ ഇപ്പോൾ ചെരുപ്പുകട നടത്തിയാണ് ഉപജീവനം നടത്തുന്നത്.
സുരേഷ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഡയമണ്ട് നിലവാരമില്ലാത്തതായിരുന്നുവെന്നും അത് വിൽക്കാനാകാതെയാണ് സ്ഥാപനം പൂട്ടിയതെന്നും ഇയാൾ പറയുന്നു. പിന്നീടാണ് സ്വർണാഭരണശാല തുടങ്ങാമെന്ന് പറഞ്ഞ് ആൾക്കാരുടെ വസ്തു ഈടുവച്ച് ലോണെടുക്കാൻ ആരംഭിച്ചത്. ഇത്തരത്തിൽ നേടിയ പണം ആഡംബര ജീവിതത്തിനാണ് സുരേഷ് ഉപയോഗിക്കുന്നത്.
ബിഎംഡബ്ല്യു, ഓഡി, ഇന്നോവ, നിസാൻ ടെറാനോ, പോളോ തുടങ്ങിയ അഞ്ചോളം ആഡംബര കാറുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. മറ്റ് പലരുടെയും പേരിൽ വസ്തുക്കളും ഇയാൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. 2005 ൽ കാട്ടൂർ സ്വദേശികളായ രണ്ടുപേരുമായി ചേർന്ന് ലാസ്യ ഡയമണ്ട്സ് എന്ന പേരിൽ തുടങ്ങിയ കന്പനി രണ്ടുവർഷത്തിനുശേഷം പൂട്ടി. പിന്നീട് പ്രതിയുടെ സഹോദരൻ പൊഞ്ഞനത്ത് കാറ്ററിംഗ് ബിസിനസ് ചെയ്തുവന്ന മൂന്നുനില കെട്ടിടത്തിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് തുടങ്ങി.
ഈ കെട്ടിടം ഉൾപ്പെടെയുള്ള വസ്തു പണയപ്പെടുത്തി തൃശൂർ സിൻഡിക്കേറ്റ് ബാങ്കിൽനിന്ന് 75 ലക്ഷം രൂപ വായ്പ എടുത്തു. 2007ൽ ലാസ്യ ഡയമണ്ട്സ് ആൻഡ് ജ്വല്ലേഴ്സ് എന്ന കന്പനി തുടങ്ങുകയും ഇതിന് ഭൂമി വാങ്ങുകയും ഈ വസ്തുക്കളെല്ലാം കൂടിയ വില കാണിച്ച് പണയപ്പെടുത്തി ബാങ്ക് ഓഫ് ഇന്ത്യ പൊന്നുരുന്നി ശാഖയിൽനിന്നു വായ്പ എടുത്തു.
2014 ൽ പുഷ്പ ഡയമണ്ട്സ് എന്ന പേരിൽ ഭാര്യയുടെ പേരിൽ കന്പനി രൂപീകരിച്ച് എസ്ബിഐ തൃശൂർ എസ്എംഇ ബ്രാഞ്ചിൽനിന്നു നാല് കോടി വായ്പ എടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ് ഹോട്ടലുകളിൽ മാറിമാറിത്താമസിക്കുകയും സിംകാർഡുകളും മൊബൈൽ ഫോണുകളും മാറിമാറി ഉപയോഗിക്കുകയും ചെയ്തുവന്ന ഇയാളെ അതിസമർഥമായി പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശാനുസരണം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൈബർ സെല്ലിൻറെ സഹായത്തോടെയായിരുന്നു അന്വേഷണം. നോർത്ത് സിഐ കെ.ജെ. പീറ്റർ, എസ്ഐ വിബിൻദാസ്, സിപിഒമാരായ ബിനു, ഹരീഷ്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.