കുണ്ടറ: നഗരങ്ങളില്‍ ലഭ്യമാകുന്ന ഗുണമേന്മയുള്ള സൗകര്യങ്ങള്‍ ഒരുക്കി ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന നാഷണല്‍ റര്‍ബന്‍ മിഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ തലച്ചിറ ബണ്ട് നവീകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം.
ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് നെടുമ്പന, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററിനെയാണ് തെരഞ്ഞെടുത്തിട്ടുളളത്. അടുത്തടുത്ത് കിടക്കുന്ന 25000 മുതല്‍ 50000 വരെ ജനസംഖ്യ വരുന്ന ഗ്രാമങ്ങളെ ചേര്‍ത്താണ് റര്‍ബന്‍ ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്.
ക്ലസ്റ്ററിന്റെ സമഗ്ര വികസനത്തിനായി 120.15 കോടി രൂപയ്ക്കുളള പ്രവൃത്തികള്‍ക്ക് ഗവണ്മെന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 90.15 കോടി രൂപ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ കണ്‍വര്‍ജന്‍സ് ഫണ്ടും 30 കോടി രൂപ വികസന വിടവ് നികത്തുന്നതിനായി സ്കീമിന്റെ ഭാഗമായി ലഭിക്കുന്ന ക്രിട്ടിക്കല്‍ ഗ്യാപ് ഫണ്ടുമാണ്.
30 കോടി രൂപയില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. അടിസ്ഥാന വികസന മേഖലയില്‍ കുടിവെള്ളം, ശുചിത്വം, വൈദ്യുതീകരണം, ശൗചാലയങ്ങള്‍, റോഡുകള്‍, തെരുവ് വിളക്കുകള്‍, സോളാര്‍ പാനലുകള്‍, ഗ്യാസ് ക്രിമറ്റോറിയം തുടങ്ങിയ പ്രോജക്ടുകള്‍ക്കായി 73.66 കോടി രൂപയും പ്രാദേശിക സാമ്പത്തിക വികസനത്തിനായി 23.95 കോടി രൂപയും സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍, ബഡ്സ് സ്കൂളുകള്‍, സിറ്റിസണ്‍ സര്‍വ്വീസ് സെന്റര്‍, പട്ടികജാതി കോളനികളുടെ നവീകരണം എന്നിവയ്ക്കായി 22.55 കോടി രൂപയുമാണ് ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനില്‍ വകയിരുത്തിയിട്ടുളളത്.
ചേരീക്കോണം തലച്ചിറയില്‍ നടക്കുന്ന പരിപാടിയില്‍ എന്‍ കെ പ്രേമചന്ദ്രന് എം പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.