മരട്: കൊമ്പ് മുറിക്കാൻ കയറിയ ഗൃഹനാഥന് പ്ലാവിനു മുകളിൽ വച്ച് തലകറക്കം. അഗ്നിരക്ഷാ സേനയെത്തി ഗൃഹനാഥനെ സുരക്ഷിതമായി താഴെയിറക്കിയപ്പോഴാണ് നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസമായത്.
ഇന്നലെ രാവിലെ 11 ഓടെ നെട്ടൂർ പഴയ തിയറ്ററിന് സമീപം കീറ്റുപറമ്പിൽ ജോളിയാണ് സ്വന്തം പുരയിടത്തിലെ പ്ലാവിന്റെ ചില്ലകൾ വെട്ടുന്നതിനായി മുകളിൽ കയറിയത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞിരുന്ന കൊമ്പുകൾ മുറിച്ചു മാറ്റുകയായിരുന്നു ലക്ഷ്യം.
മുകളിലെത്തിയതും തലകറക്കം വന്ന് മരത്തിൽ കെട്ടിപ്പിടിച്ചിരുന്നു.
അപകടം മണത്ത സമീപവാസി ബൈജു പെട്ടെന്ന് മുകളിൽ കയറി ജോളിയെ വട്ടംചുറ്റിപ്പിടിച്ച് സുരക്ഷിതമാക്കി. വിവരമറിഞ്ഞ് അര മണിക്കൂറിനകം ഗാന്ധിനഗറിൽ നിന്ന് അഗ്നിരക്ഷാസേനയും എത്തി.
ഓഫീസർമാരായ സതീശൻ, മനു, ശ്യാം, റോജോ മോൻ എന്നിവരുടെ നേതൃത്വത്തിൽ കയറും ഏണിയുപയോഗിച്ച് ജോളിയെ താഴെയിറക്കിയ ശേഷം മരട് പി.എസ്. മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.