കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടന്ന ബിജെപി പ്രതിഷേധ റാലിക്കിടെ സിഖുകാരന്റെ തലപ്പാവ് ഊരിപ്പോയ സംഭവത്തില്‍ വിവാദം കത്തുന്നു. വ്യാഴാഴ്ച സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഭവം.
മാര്‍ച്ചിനിടെ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനിടെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നടന്ന ഉന്തിനുംതള്ളിനുമിടയിൽ സിഖുകാരന്റെ തലപ്പാവ് ഊരിപ്പോയത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസിനെതിരെ ബിജെപി രംഗത്തെത്തി. എന്നാല്‍ തോക്ക് കൈവശം വച്ചയാളെ കീഴടക്കുന്നതിനിടെ ശിരോവസ്ത്രം തനിയെ ഊരിപ്പോയതാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മുന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിംഗും ട്വീറ്റ് ചെയ്തിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ടാഗ് ചെയ്താണ് ഹര്ഭജന് വീഡിയോ ട്വീറ്റ് ചെയ്തത്.
“ഇന്നലെ പ്രതിഷേധത്തിനിടെ സംഭവവുമായി ബന്ധപ്പെട്ടയാള്‍ തോക്ക് കൈവശം വെച്ചിരുന്നു. പിടിവലിക്കിടയില്‍ തലപ്പാവ് തനിയെ താഴെ വീണുപോവുകയായിരുന്നു. അത് പോലീസ് ഉദ്യോഗസ്ഥന് ഉദ്ദേശിച്ച കാര്യമല്ല. ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുക എന്നത് തങ്ങളുടെ ഉദ്ദേശമല്ല’. ബംഗാള്‍ പോലീസ് ട്വീറ്റ് ചെയ്തു.
മുന്‍ സൈനികനായ ബല്വിന്ന്ദര് സിംഗിന്റെ തലപ്പാവാണ് അഴിഞ്ഞു വീണത്. ബിജെപി നേതാവിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇയാള്‍.
തിരകള്‍ നിറച്ച തോക്ക് ഇയാളില്‍ നിന്നും കണ്ടെത്തിയെന്നും ഊരിപ്പോയ തലപ്പാവ് അണിയണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.