കാസര്‍ഗോഡ്: നിബന്ധനകള്‍ക്കു വിധേയമായി കാസര്‍ഗോഡ് മേഖലയില്‍ നിന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ കടത്തിവിടാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിട്ടും തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ പഴയപടി തന്നെ.
ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് കര്‍ണാടക പോലീസിന്റെ നിലപാട്. കേരളത്തില്‍ നിന്നെത്തുന്നവരെ പരിശോധിക്കുന്നതിനായി ചെക്ക് പോസ്റ്റില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
കാസര്‍ഗോഡ് ഭാഗത്തു നിന്നെത്തിയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ഇന്നു രാവിലെയും ചെക്ക് പോസ്റ്റില്‍ കര്‍ണാടക അധികൃതര്‍ തടഞ്ഞു. രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചു.
ഇവിടെ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയും തടഞ്ഞു. രംഗം ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കര്‍ണാടക പോലീസ് തടഞ്ഞു.
കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്ന് കര്‍ണാടകം സമ്മതിച്ചതായാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. മംഗളൂരുവിലേക്കു പോകുന്നവര്‍ പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.
ഇതില്‍ രോഗിയുടെയും രോഗത്തിന്റെയും വിവരങ്ങളും മംഗളൂരുവിലെ ഏത് ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നതെന്നും വ്യക്തമാക്കണം. ചെക്ക്പോസ്റ്റില്‍ കര്‍ണാടകം നിയോഗിക്കുന്ന മെഡിക്കല്‍ സംഘം ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം കടത്തിവിടുമെന്നായിരുന്നു പ്രഖ്യാപനം.