പഴയന്നൂർ: തലമപന്തുകളി ആവേശത്തിലാണ് ചേലക്കര. മറ്റെല്ലാ കളികൾക്കുമുപരി തലമയെ ഹൃദയത്തിലേറ്റിവരാണ് ചേലുള്ള കരയെന്ന ചേലക്കരയിലെ ജനത. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്താണ് കാർഷിക ഗ്രാമം കൂടിയാണ് ഈ ചേലക്കര. തലമ പന്തുകളിയെ ഒരു തലപ്പൊക്കത്തിൽ എന്നും വെച്ചിട്ടുള്ളവർ.
കാലവർഷം വിലങ്ങുതടിയായി നിൽക്കുന്ന ഈ ഓണക്കാലത്തിന്റെ വർണ്ണപ്പകർച്ചയാണ് തലമ. നാടൻ പന്തുകളിയോട് സാദൃശ്യമുള്ള കളിയാണ് തലമയെങ്കിലും കളി നിയമങ്ങളും പ്രയോഗങ്ങളും വ്യത്യസ്തമാണ്. കൈകൊണ്ടും കാൽകൊണ്ടും പന്തുതട്ടാമെന്നാണ് പ്രത്യേകതയുള്ളത്. ഒരു ടീമിൽ ഏഴു പേർ മത്സരിക്കാനായിറങ്ങും. രണ്ട് പേർ സബ്സ്റ്റിറ്റ്യൂട്ടാണ്.
ടോസ് നേടുന്നവർ കൈക്കളിക്കായി ആദ്യമൊരുങ്ങും. കൈക്കളിയെ കാൽകൊണ്ട് പ്രതിരോധിക്കാനാകും. കൈക്കളിക്ക് ഒരു ഭാഗത്ത് മുന്നിലായി 5 പേരും പുറകിൽ 2 പേരും നിൽക്കും. നടുവിൽ നിൽക്കുന്നയാളാണ് തലമയെന്നുപറഞ്ഞ് കളിക്ക് തുടക്കമിടുക. കാൽക്കളിക്ക് 4 പേർ പുറകിലും 3 പേർ മുന്നിലായും അണിനിരക്കും. തലമ, ഒറ്റ, എരട്ട, തൊടമ, പിടിച്ചാൻ, കാക്കോടി, ഓടി എന്നിങ്ങനെ ഏഴു തരത്തിലാണ് കളി പുരോഗമിക്കുക.
തലമ മുതൽ ഓടി വരെയാണ് ഒരു പട്ടം. രണ്ടു സെറ്റുകളായി കളിക്കും.തലമ 1, 2, 3 എന്നിങ്ങനെ ഓടി 1,2,3 എന്നിങ്ങനെ 3 സ്റ്റെപ്പായി കളി നടക്കും. വിവിധ ഘട്ടങ്ങളിലൂടെ 3 വട്ടം തുടർച്ചയായി ’പട്ടം’വയ്ക്കുന്നവരാണ് വിജയി.കൈക്കളി കളിക്കുന്നവർ തുടർച്ചയായി 3 പട്ടമെടുത്താൽ കാൽകളി കളിക്കാതെ തന്നെ വിജയികളാകും.1 ഓടി കളിച്ചാൽ 15 മിനിറ്റ് വിശ്രമം ലഭിക്കുന്നതാണ് (ഹാഫ് ടൈം).
കളിക്കളത്തിനു ചുറ്റുമായി 10 കൊടികൾ നാട്ടിയിട്ടുണ്ടാകും. ഇവിടെ പത്ത് പേർ നിൽക്കും. ഇവരിലെ 2 പേരാണ് പോയിന്റുകൾ എഴുതുന്നത്. ഇവരെ ക്രോഡീകരിക്കാൻ ഒരു പ്രധാന റഫറിയുമുണ്ടാകും. പൊങ്ങിവരുന്ന പന്ത് ക്രിക്കറ്റിലെപ്പോലെ പിടിച്ചെടുക്കാം. അതേ സമയം ഉരുണ്ടുവരുന്നത് പിടിക്കാൻ പാടില്ല. ഒരു കളി പരമാവധി 1.5 മണിക്കൂർ മുതൽ 2 മണിക്കൂർ വരെയെടുത്താണ് കളി തീരുക.
പ്രധാന റഫറിക്കാണ് കളി നിയന്ത്രണം. മൃഗത്തോലിൽ ചകിരി പൊതിഞ്ഞുണ്ടാക്കിയ പന്താണ് ഉപയോഗിക്കുന്നത്. 320 ഗ്രാം തൂക്കത്തിലുള്ള പന്താണ് ഉപയോഗിക്കുന്നത്.പന്തിന് 800 രൂപ മുതൽ 1000 രൂപ വിലവരും. ഒരു കളി സീസണിൽ നൂറു പന്തുകൾ വരെ ഉപയോഗിക്കേണ്ടതായി വരും.പല്ലിശ്ശേരി രമേഷാണ് തലമ പന്തു നിർമ്മിക്കുന്നതിൽ കേമൻ.ചേലക്കരയിൽ മാത്രമൊതിങ്ങിനിന്ന കളിക്ക് ഇപ്പോൾ പ്രചാരമേറി വരികയാണ്.
സമീപ പഞ്ചായത്തിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നുമൊക്കെ കളി പഠിക്കാൻ ആളുകളെത്തുന്നു. കഴിഞ്ഞ വർഷം തലമപ്പന്തുകളിയെക്കുറിട്ട് ഇന്ത്യാ ടുഡേ ചാനലിൽ വാർത്തയായിരുന്നു.എല്ലാ വർഷവും ടൂർണമെന്റിന് തീം ആന്റ് ടൈറ്റിൽ സോംഗ് പുറത്തിറക്കാറുണ്ട്.പത്തുകുടി നെഹ്റു ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബാണ് കാലങ്ങളായി ടൂർണമെന്റ് നടത്തിവരുന്നത്. ഇത്തവണ അന്പത് ടീമുകളാണ് മത്സരിക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യൂസഫാണ് കളിയുടെ റഫറി. സാമൂതിരിയുടെ ഭരണ കാലംതൊട്ടേ കളി ഉണ്ടായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നു. പഴയ കെന്നഡി ക്ലബ്ബ് കളിക്കാരനായ 70 കാരനായ എ രവീന്ദ്രന്റെ 3 തലമുറ ഈ കളിയുടെ ഭാഗഭാക്കായിട്ടുണ്ടെന്നാണ് ക്ലബ്ബിന്റെ ഭാരവാഹി ടി എ അനസ് പറയുന്നത്. തിരു കൊച്ചി സംസ്ഥാനത്തെ എംഎൽഎ ആദ്യ ടൂർണമെന്റിന്റെ സമ്മാനദാനത്തിനെത്തിയതായി പറയുന്നു.
ഒരു മാസത്തോളം നീളുന്നതാണ് ചേലക്കരയുടെ തലമ ആവേശം. 2018ലെ പ്രളയകാലത്ത് ദിവസങ്ങൾ വൈകിയാണ് കളി നടത്തിയത്. കലാശക്കൊട്ടിൽ വെന്നിക്കൊടി പാറിക്കുന്നവർക്ക് ക്യാഷ് പ്രൈസും ലഭിക്കും. വർഷാവർഷം മുഖാരിക്കുന്നിലെ എസ്എംടി സ്കൂൾ മൈതാനത്താണ് പന്തുകളി നടക്കുന്നത്.