അഗളി: സർവീസിൽനിന്ന് വിരമിക്കാൻ രണ്ടുദിവസം ശേഷിക്കേ ബ്രാഞ്ച് പോസ്റ്റുമാസ്റ്റർക്ക് സർവീസിൽനിന്നും ഡിസ്മിസ് ഓർഡർ നല്കി തപാൽവകുപ്പിന്റെ വിചിത്രനടപടി.
അട്ടപ്പാടി കോട്ടത്തറ ബ്രാഞ്ച് പോസ്റ്റോഫീസിൽ 38 വർഷക്കാലമായി ഇഡി പോസ്റ്റുമാസ്റ്ററായി ജോലിനോക്കുന്ന ഗീതയ്ക്കെതിരെയാണ് തപാൽവകുപ്പിന്റെ നടപടി.
തപാൽവകുപ്പിലെ ഇഡി (ജിഡിഎസ്)ക്കാർക്ക് 65-ാം വയസിലാണ് റിട്ടയർമെന്റ്. 2020 ജൂണ്‍ 20-നായിരുന്നു ഗീതയുടെ അവസാന വർക്കിംഗ് ഡേറ്റ്. ജൂണ്‍ 18ന് കോട്ടത്തറയിലെ ഓഫീസിൽ ജോലിയിലിരിക്കെ മേലുദ്യോഗസ്ഥരെത്തി ഡിസ്മിസ് ഓർഡർ നല്കി മടങ്ങുകയായിരുന്നു.
2016 ജൂണ്‍ 28ന് അന്നത്തെ പോസ്റ്റൽ ഇൻസ്പെക്ടർ ഓഫീസിൽ പരിശോധനയ്ക്കെത്തുകയും കാഷ് സംബന്ധമായി തർക്കമുണ്ടാകുകയും ചെയ്തിരുന്നതായി ഗീത പറയുന്നു.
ഓഫീസിൽ സാന്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും മേലുദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തി സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങിയെന്നും കാണിച്ചു തൊട്ടടുത്ത ദിവസം ഗീത മേലധികാരികൾക്ക് പരാതി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
തുടർന്ന് 2016 ജൂണ്‍ 29ന് ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. സർവീസിൽനിന്നും പുറത്താക്കി ഒന്നരവർഷത്തിനുശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ചെടുത്തു. ശിക്ഷാനടപടിയുടെ ഭാഗമായി വേതനമായ 2000 രൂപയിൽനിന്നും വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഗീത ബിപിഎമ്മിന്റെ ജോലി തുടരുന്നതിനിടെയാണ് വിരമിക്കൽ ദിനത്തിനുമുന്പ് അപ്രതീക്ഷിതമായി ഡിസ്മിസ് ഓർഡർ കൈയിൽ കിട്ടിയത്. താൻ ഡിസ്മിസ് അർഹിക്കുന്ന ജീവനക്കാരിയാണങ്കിൽ സസ്പെൻഷൻ കൂടാതെ എങ്ങനെയാണ് ഇത്രകാലം പോസ്റ്റുമാസ്റ്ററുടെ കസേരയിലിരുന്ന് ജോലി നോക്കിയതെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു.
ഗീതയ്ക്ക് യാത്രയയപ്പ് നല്‍കുന്നതിനായി സഹപ്രവർത്തകർ പാരിതോഷികവുമായി ഓഫീസിലെത്തിയപ്പോഴാണ് പുറത്താക്കിയതായി അറിയുന്നത്. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ജീവനക്കാരിയെ പുറത്താക്കിയതിൽ സഹജീവനക്കാർ പ്രതിഷേധിച്ചു.
കോട്ടത്തറ പോസ്റ്റോഫീസിനു സമീപത്തെ ഒറ്റമുറി വാടകവീട്ടിലാണ് ഗീതയും കുടുംബവും കഴിയുന്നത്. 2016-ൽ സസ്പെൻഷൻ ഓർഡർ ലഭിച്ചതോടെ ഗീത നിത്യരോഗിയായി മാറിയിരുന്നു. റിട്ടയർമെന്റിന്റെ തലേന്ന് ഡിസ്മിസ് ഓർഡർകൂടി കണ്ടതോടെ ഇവരുടെ മനോനിലയും തകർന്നു.