നവാസ് മേത്തർ
തലശേരി: പൈതൃക നഗരമുൾപ്പെടുന്ന തലശേരി മണ്ഡലം ഇടതു കോട്ടയാണ്. എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
മണ്ഡലം രൂപീകൃതമായ 1957 ല്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യറില് തുടങ്ങി കെ.പി.ആര് ഗോപാലന്, എന്‍.ഇ.ബലറാം, പാട്യം ഗോപാലന്, എം.വി.രാജഗോപാല്‍, ഇ.കെ. നായനാര്‍, കെ.പി. മമ്മുമാസ്റ്റര്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി ഏറ്റവുമൊടുവിൽ എ.എൻ.ഷംസീറിലെത്തി നിൽക്കുകയാണ് വിജയികളുടെ നിര.
മണ്ഡലം രൂപീകൃതമായ വര്‍ഷം മുതല്‍ രണ്ടുതവണ ജസ്റ്റിസ് വി.ആര്.കൃഷണയ്യരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
രണ്ടു പതിറ്റാണ്ട് കാലം കോടിയേരി ബാലകൃഷ്ണനായിരുന്നു. 1996ല്‍ വിജയിച്ച കെ.പി.മമ്മു മാസ്റ്റര്‍ ഇ.കെ.നായനാര്‍ക്കുവേണ്ടി എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമൊക്കെ സമ്മാനിച്ച മണ്ഡലമെന്ന പ്രത്യേകതയും തലശേരിക്കുണ്ട്.1957 മുതല്‍ 1970 വരെ സിപിഐ വിജയിച്ച മണ്ഡലമാണിത്.
പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചിട്ടുള്ളത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീര്‍ തോല്‍പ്പിച്ചത്.
2006 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രാജ്മോഹന്‍ ഉണ്ണിത്താന് മത്സരിച്ചപ്പോള്‍ കോടിയേരിയുടെ ഭൂരിപക്ഷം 10,055 ആയി കുറഞ്ഞിരുന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ എ.എൻ. ഷംസീർ, കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷൻ, സിപിഎം മുൻ പ്രാദേശിക നേതാവും മുൻ കൗൺസിലറും ഇപ്പോൾ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുമായ സി.ഒ.ടി. നസീറും തമ്മിലാണ് പ്രധാന മത്സരം.
നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാവേളയിൽ തന്നെ തലശേരി രാഷ്ട്രീയകേരളത്തിന്റെ ചർച്ചാമണ്ഡലമായി മാറിയിരുന്നു.
എന്‍ഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രിക തള്ളിയതോടെയായിരുന്നു ഇത്.
സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിക്കുകയും ചെയ്തത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലാകെ മാറ്റം വരുത്തിയിട്ടുണ്ട്.
മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ ഉയര്‍ത്തിയാണ് ഷംസീര്‍ വോട്ട് തേടുന്നത്. മാഹി ബൈപ്പാസ് നിര്‍മാണം ആരംഭിച്ചതാണ് പ്രധാന നേട്ടമായി മുന്നോട്ടുവയ്ക്കുന്നത്.
മുനിസിപ്പല്‍ സ്റ്റേഡിയ നവീകരണം, റോഡുകളുടെ വികസനം, ജനറല്‍ ആശുപത്രിയുടെ വികസനം തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന വികസനങ്ങൾ തട്ടിപ്പാണെന്ന് യുഡിഎഫ് പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളല്ലാതെ ഒരു പദ്ധതിയും തലശേരിയില്‍ ഇല്ലെന്നാണ് യുഡിഎഫ് സ്ഥാനാർഥി അരവിന്ദാക്ഷന്റെ പക്ഷം.
സമാധാനവും വികസനവുമാണ് സി.ഒ.ടി. നസീര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.അക്രമമുക്ത രാഷ്ട്രീയം, എല്ലാവരുടെയും ജനപ്രതിനിധിയെന്ന സങ്കൽപ്പം യാഥാർഥ്യമാക്കൽ, തലശേരിയുടെ സമഗ്രവികസനം, സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയുൾപ്പടെയുള്ള പദ്ധതികളുമായാണ് സി.ഒ.ടി. നസീർ വോട്ടർമാരെ കാണുന്നത്.
ഇതോടൊപ്പം നിലവിലെ എംഎൽഎ വികസനത്തിന്റെ മറവിൽ വൻ അഴിമതി നടത്തിയതായും ആരോപിക്കുന്നു. തലശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂമാഹി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെട്ടതാണ് തലശേരി മണ്ഡലം.
തലശേരി നഗരസഭയും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണിയാണെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്.
തലശേരി നഗരസഭയില്‍ പ്രധാന പ്രതിപക്ഷമായി ചരിത്രത്തിലാദ്യമായി ബിജെപി എത്തിയെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിലുണ്ട്. 1,62,024 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.