തലശേരി: നഗരമധ്യത്തിൽ ലഹരി മാഫിയ സംഘം നടത്തിയ ആക്രമണത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കഞ്ചാവ് കേസിലെ പ്രതി ഉൾപ്പെടെ മൂന്ന് പ്രതികളെ തലശേരി ടൗൺ സിഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തു.
നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ. ഖാലിദ് (52), ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവർ കൊല്ലപ്പെട്ട കേസിൽ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്ന ഉടൻ പോലീസ് നടത്തിയ ആസൂത്രിത നീക്കത്തിലാണ് മൂന്ന് പ്രതികൾ വലയിലായത്.
2018 ൽ ധർമടം സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് പിടികൂടിയ കേസിലും വധശ്രമം ഉൾപ്പെടെയുള്ള മറ്റ് കേസുകളിലും ജാക്സൺ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഗുഡ്സ് ഓട്ടോറിക്ഷയിൽ മത്സ്യം വിൽക്കുന്ന ജാക്സന്റെ സഹായികളാണ് നവീനും ഫർഹാനും. കേസിലെ മുഖ്യ പ്രതിയായ ഗുഡ്സ് ഡ്രൈവറായ പാറായി ബാബു ഒളിവിലാണുള്ളത്. ജാക്സന്റെ സഹോദരി ഭർത്താവാണ് പാറായി ബാബു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരത്തിലെ വീനസ് ജംഗ്ഷൻ, കൊടുവള്ളി, ഇല്ലിക്കുന്ന്, മണ്ണയാട് തുടങ്ങി നഗരസഭയിലെ ആറ് വാർഡുകളിൽ സിപിഎം ആഹ്വാന പ്രകാരം വൈകുന്നേരം അഞ്ചുവരെ ഹർത്താലാചരിച്ച് വരികയാണ്.
കൊല്ലപ്പെട്ട ഗഫൂറിന്റെ മൃതദ്ദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഷമീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടോടെ ചിറമ്മലിൽ എത്തിച്ച് പൊതുദർശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടു പോകുകയും തുടർന്ന് ആമുക്കപള്ളി കബറിടത്തിൽ കബറടക്കുകയും ചെയ്യും. കബറടക്കത്തിനു ശേഷം പള്ളിപരിസരത്ത് അനുശോചന യോഗവും നടക്കും.
കൊല്ലപ്പെട്ടത് ഒരുകുടുംബത്തിലെ രണ്ടു പേർ
ആക്രമണത്തിൽ സാരമായി പരിക്കേറ്റ കൊല്ലപ്പെട്ടവരുടെ സുഹൃത്തു കൂടിയായ നിട്ടൂർ സാറാസ് വീട്ടിൽ ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്.
ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്തതും വാഹന വില്പനയുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സിറ്റി കമ്മീഷണർ അജിത്ത് കുമാർ, എഎസ്പി നിധിൻ രാജ്, സിഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ഒരു കുടുംബത്തിലെ രണ്ടുപേരെ അക്രമിസംഘം പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് തലശേരിയിലയും പരിസരത്തേയും ജനങ്ങൾ. പരേതരായ മുഹമ്മദ്-നബീസ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഖാലിദ്. മത്സ്യതൊഴിലാളിയാണ്.
ഭാര്യ: സീനത്ത്. മക്കൾ: പർവീന, ഫർസീൻ. മരുമകൻ: റമീസ് (പുന്നോൽ). സഹോദരങ്ങൾ: അസ്ലം ഗുരുക്കൾ, സഹദ്, അക്ബർ (ഇരുവരും ടെയ്ലർ), ഫാബിത, ഷംസീന. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ഷമീർ. ഭാര്യ: ഷംസീന. മക്കൾ: മുഹമ്മദ് ഷബിൽ, ഫാത്തിമത്തുൽ ഹിബ ഷഹൽ. സഹോദരങ്ങൾ: നൗഷാദ്, റസിയ, ഹയറുന്നീസ.