തലശേരി: നഗരമധ്യത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലക്കത്തിക്കിരയാക്കിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിനു ശേഷം പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായതായും അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കുമെന്നും എഎസ്പി നിധിൻ രാജ് രാഷ്ട്രദീപികയോട് പറഞ്ഞു.
സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ എന്നിവരെ കുത്തികൊലപ്പെടുത്തിയ കേസിൽ റെക്കോർഡ് വേഗതയിലാണ് തലശേരി പോലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്.
അറസ്റ്റിലായ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ വീട്ടിൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20), നിട്ടൂർ വെള്ളാടത്തിൽ പാറായി ബാബു എന്ന സുരേഷ് ബാബു (41), വടക്കുമ്പാട് തേരേക്കാട്ടിൽ അരുൺ കുമാർ (38) , പിണറായി പുതുക്കുടി വീട്ടിൽ സന്ദീപ് ( 38), പിണറായി പടന്നക്കര വാഴയിൽ വീട്ടിൽ സുജിത്ത്കുമാർ (45) എന്നിവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. മുഴുവൻ പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും.
മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ വലയിൽ കുരുങ്ങി
നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ എഎസ്പി നിധിൻ രാജ്, കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ഇരിട്ടി ഡി വൈഎസ്പി സജേഷ് വാഴാളപ്പിൽ, തലശേരി സിഐ എം.അനിൽ എന്നിവർ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കുകയായിരുന്നു.
സംഭവം നടന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ജാക്സൺ ഉൾപ്പെടെ മൂന്ന് പേരെ സിഐ അനിലും സംഘവും കസ്റ്റഡിയിലെടുത്തിരുന്നു.
രക്ഷപെട്ട മുഖ്യപ്രതി പാറായി ബാബുവിന്റെയും സഹായികളുടേയും നീക്കം കൃത്യമായി നിരീക്ഷിച്ച പോലീസ് അവരെയും പിടികൂടി. കേസിലെ മുഴുവൻ പ്രതികളും വലയിലായതോടെ കേസന്വേഷണവും എളുപ്പത്തിലായി.
ഉടുതുണിയില്ലാതെ പാറായി ബാബു
ഇരട്ടക്കൊലപാതകത്തിനു ശേഷം മുഖ്യപ്രതി പാറായി ബാബു രക്ഷപെട്ടത് ഉടുതുണിയില്ലാതെ. ഖാലിദിനെയും ഷമീറിനെയും കുത്തി വീഴ്ത്തിയ ശേഷം അടി വസ്ത്രം മാത്രം ധരിച്ചാണ് പാറായി ബാബു വീനസ് ജംഗ്ഷനിൽ നിന്നു രക്ഷപ്പെട്ടത്.
ഓട്ടോറിക്ഷയുടെ സീറ്റ് കവർ ഉപയോഗിച്ച് നാണം മറച്ച ബാബു അക്രമത്തിനിടയിൽ കല്ല് കൊണ്ട് അടിയേറ്റ് വീണ ഭാര്യാ സഹോദരൻ ജാക്സനെയും താങ്ങിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തി. കൂടെയുണ്ടായിരുന്നവരെകൊണ്ട് ലുങ്കി വാങ്ങിപ്പിക്കുകയും അവിടെ നിന്നു ലുങ്കി ധരിച്ച് രക്ഷപെടുകയുമായിരുന്നു.
മയക്കുമരുന്ന് വില്പന, വായ്പ മുടങ്ങൽ
മയക്കുമരുന്ന് വില്പനയെ ചോദ്യം ചെയ്തതും ജാക്സന്റെ സഹോദരൻ ജോൺസന്റെ ഓട്ടോറിക്ഷ വില്പനയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിദേശത്തുള്ള ജോൺസൺ തന്റെ ഓട്ടോറിക്ഷ 3,75,000 രൂപക്ക് ശ്രീരാഗ് എന്നയാൾക്ക് വിൽക്കുകയും ഒരു ലക്ഷം കൈപ്പറ്റുകയും ചെയ്തു. ബാക്കി തുക വായ്പ എടുത്ത സ്ഥാപനത്തിൽ ഗഡുക്കളായി അടയ്ക്കാനുമായിരുന്നു ധാരണ.
എന്നാൽ, വായ്പ അടവ് മുടങ്ങിയതിനെത്തുടർന്ന് ജോൺസന്റെ നിർദ്ദേശ പ്രകാരം ജാക്സൺ ഓട്ടോറിക്ഷ തിരിച്ചെടുത്തു. ഇതേത്തുടർന്ന് ഉടലെടുത്ത വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയും കൊലപാതകത്തിലെത്തുകയുമായിരുന്നു