തലശേരി: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്നും മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി. അന്വേഷണംസംഘം നൽകിയ ഹർജിയെ തുടർന്ന് പയ്യന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് പെൺകുട്ടിയിൽനിന്നും മൊഴി രേഖപ്പെടുത്തിയത്.
ഇതിൽനിന്നും പെൺകുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. തലശേരി ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പീഡനം നടന്നിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്ന് സംശയിക്കുന്ന പിതൃസഹോദരിയും പോലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ഈ യുവതിയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന്‍ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന പീഡനവിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെണ്‍കുട്ടി പങ്കുവച്ചതോടെയാണ് വടക്കേ മലബാര്‍ കേന്ദ്രീകരിച്ചുള്ള വന്‍ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. മകളേയും കൂട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരുടെ അടുത്തെത്തിയ പിതാവ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മകള്‍ക്കുണ്ടായ പീഡനം വിശദീകരിച്ചത്.
പിതാവിന്റെ സഹോദരി കൂട്ടിക്കൊണ്ടു പോയി പരിചയമില്ലാത്ത ഒരു വീട്ടിലാക്കിയെന്നും അവിടെ വെച്ച് കുടിക്കാന്‍ ശീതളപാനീയം നല്‍കിയെന്നും തുടര്‍ന്ന് തന്നെ ഒരാള്‍ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി അധികൃതര്‍ക്ക് നല്കിയ മൊഴിയില്‍ പറയുന്നത്. ഡിവൈഎസ്പി പ്രിന്സ്ഏബ്രഹാം, സിഐ കെ.ഇ. പ്രേമചന്ദ്രന്, പ്രിന്‍സിപ്പല്‍ എസ്ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.