തലശേരി: തലശേരി സ്പെഷൽ സബ് ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ റിമാൻഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്റെ കൃഷ്ണമണിയുൾപ്പെടെ തകർന്ന ഗുരുതരാവസ്ഥയിലുള്ള പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം.
വനിതാ കായിക താരങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാർ അക്രമിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സ്റ്റീൽ മൊന്ത കൊണ്ടുള്ള അക്രമത്തിലാണ് ഇയാളുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റത്.
കണ്ണൂർ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.