തലശേരി: ടൗൺ പോലീസ് സ്റ്റേഷനിൽ പാറാവുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്നു വെടിപൊട്ടി വനിതാ പോലീസിന് പരിക്കേറ്റ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഉത്തരവിട്ടു. ചൊക്ലി ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോടു പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു തലശേരി സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൈയിലെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് വനിതാ പോലീസുകാരിക്ക് പരിക്കേറ്റത്.
മുട്ടിനു താഴെ വെടിയേറ്റ വനിതാ പോലീസുകാരി ഷിജിലയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ പാറാവ് ഡ്യൂട്ടി ചെയ്തിരുന്ന സിവിൽ പോലീസ് ഓഫീസർ സുബിനെ ഇന്നലെ കമ്മീഷണർ സസ്പെൻഡ് ചെയ്തു.
പാറാവ് ഡ്യൂട്ടി മാറുന്നതിനിടയിൽ സുബിന്റെ കൈയിലെ പിസ്റ്റൾ താഴെ വീഴുകയും നിലത്തുനിന്ന് എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു. അശ്രദ്ധമായി പിസ്റ്റൾ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.
കേരളത്തിൽ ആദ്യമായി പാറാവിന് പിസ്റ്റൾ നിലവിൽ വന്ന പോലീസ് സ്റ്റേഷനാണ് തലശേരി. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെയായിരുന്നു ഈ മാറ്റം. അതിനു മുമ്പ് 302 റൈഫിളായിരുന്നു സ്റ്റേഷനുകളിൽ പാറാവുകാർ ഉപയോഗിച്ചിരുന്നത്.