നവാസ് മേത്തർ
തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിനെ (19) കണ്ടെത്താൻ തലശേരി ടൗൺ സിഐ കെ. സനൽകുമാർ എഎസ്ഐ സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിൽ കർണാടകയിൽ പോലീസ് വ്യാപകമായ തെരച്ചിൽ നടത്തി.
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ എസിപി ഓഫീസിനു മുന്നിൽ ഇന്ന് നിൽപ്പ് സമരം നടക്കും.മാണ്ഡ്യ, നഞ്ചക്കോട്, മൈസൂരു,ബംഗളൂരു നഗരങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പോലീസ് റെയ്സ് നടത്തിയത്.
റൂബിന്റെ ബന്ധുവീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവ പിന്തുടർന്നാണ് പ്രതിയെ തേടി പോലീസ് കർണാടകയിൽ എത്തിയത്. എന്നാൽ കർണാടകയിൽ നിന്നും പ്രതിയുടെ നീക്കം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
പുതിയ ടെക്നോളജിയുടെ സഹായത്തോടെയാണ് പ്രതിയുടെ നീക്കമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചവരിൽ പ്രമുഖനായ കുയ്യാലിലെ ബന്ധുവിനെതിരെ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചതായും അറിയുന്നു. പോലീസ് നോട്ടീസ് നൽകിയിട്ടും
മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ഹാജരാകാതെ നിൽക്കുന്ന ഇയാളെ കേസിൽ പ്രതി ചേർക്കുന്നതിനായി പോലീസ് നിയമോപദേശം തേടി. ഇതിനിടയിൽ കൊല്ലപ്പെട്ട ഫറാസിന്റെ ബാന്ധുക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും.
ഇന്ന് നാട്ടിലെത്തിയിട്ടുള്ള മുഖ്യമന്ത്രിയെ പിണറായിയിലെ വസതിയിൽ ചെന്ന് സങ്കടം പറയാനാണ് ബന്ധുക്കളുടെ നീക്കം. പ്രതി ഒമറിനെതിരെ പോലീസ് പുറപ്പെടുവിച്ചലുക്ക് ഔട്ട് നോട്ടീസ് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം എത്തിച്ച് കഴിഞ്ഞു.
റൂബിനൊപ്പം പെജേറോ കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ വിശദ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. റൂബിനെ പിടികൂടിയാൽ മാത്രമേ മറ്റ് നാല് പേരുടെ പങ്ക് വ്യക്തമാകൂകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. റൂബിന്റെ മുൻകൂർ ജാമ്യ ഹർജി 24 നാണ് കോടതി പരിഗണിക്കുന്നത്.