തലശേരി: ബോംബ് നിർമാണം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയ യുവതിക്ക് ഭീഷണിയെന്ന് പരാതി. പഞ്ചായത്ത് മെംബറും സിപിഎം പ്രവർത്തകരും ഇന്നലെ വീട്ടിലെത്തി “മകളെ പറഞ്ഞു മനസിലാക്കണമെന്നും ഉപദേശിക്കണമെന്നും അമ്മയോട് പറഞ്ഞതായി യുവതി രാഷ്ട്രദീപികയോട് പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നല്‍കുമെന്നും യുവതി അറിയിച്ചു.
എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചതിനു പിന്നാലെയാണ് അയൽവാസിയായ സീന പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്.
യുവതിയുടെ പ്രതികരണത്തിനെതിരേ ഇന്നലെ തന്നെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ ഇന്നലെ വീട്ടിലെത്തി ഭീഷണിമുഴക്കിയതായി പരാതി വന്നിരിക്കുന്നത്.
എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനും എരഞ്ഞോളി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനും വിളിപ്പാടകലെയുള്ള വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്ഫോടനം നടന്നത്.
സ്റ്റീല്‍ ബോംബ് സ്ഫോടനത്തില്‍ വേലായുധന് എന്നയാൾ കൊല്ലപ്പട്ടു. തേങ്ങ പെറുക്കുന്നതിനിടെ കൈയില്‍ കിട്ടിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.