തലശേരി: സ്വകാര്യ ബസിലെ യാത്രക്കാരിയായ വീട്ടമ്മയെ “ഇന്റർവ്യൂ’ ചെയ്യുകയും ദുരുദ്ദേശത്തോടെയുള്ള ആംഗ്യം കാണിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. സംഭവം കേസായതോടെ ഒളിവിൽ പോയ ബസ് ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
തലശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന മെട്രോ ബസിലെ കണ്ടക്ടർ പേരാവൂർ സ്വദേശി സിബി (40)യെയാണ് എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റ് പ്രതികൾക്കായി തെരച്ചിൽ നടത്തി വരികയാണെന്നും എസ്ഐ എം.അനിൽ രാഷ്ട്രദീപികയോട് പറഞ്ഞു.
തലശേരിയിൽ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന ബസിൽ എരഞ്ഞോളി ചോനാടത്തേക്ക് പോകുന്നതിനായി കയറിയ വീട്ടമ്മയ്ക്കാണ് യാത്രയിലുടെനീളം ജീവനക്കാരിൽ നിന്നും ദുരനുഭമുണ്ടായത്. ദീർഘദൂര ബസിൽ ചെറിയ ദൂരത്തേക്കാണ് വീട്ടമ്മ യാത്ര ചെയ്തിരുന്നത്.
ഇക്കാരണത്താൽ കടുത്ത “ഇന്റർവ്യൂ’ നേരിട്ടു കൊണ്ടാണ് വീട്ടമ്മ ബസിനുള്ളിൽ തന്നെ പ്രവേശിച്ചത്. ചോനാടത്തേക്ക് ടിക്കറ്റ് എടുത്തതോടെ ജീവനക്കാർ ഒരോരുത്തരായി വീട്ടമ്മയെ മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിക്കാൻ തുടങ്ങി.
വീട്ടമ്മക്കിറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തുകയും ചെയ്തില്ല. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തുകയും ഡ്രൈവർ ആംഗ്യ ഭാഷയിലും മറ്റ് ജീവനക്കാർ അസഭ്യ വർഷം ചൊരിഞ്ഞുമാണ് വീട്ടമ്മയെ ബസിൽ നിന്നിറക്കി വിട്ടത്.
സങ്കടം സഹിക്ക വയ്യാതെ വീട്ടമ്മ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ യാത്രാക്കാരോടുള്ള ഇന്റർവ്യൂ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി നേരിടുമെന്ന് സിഐ എം.പി. ആസാദ് രാഷ്ട്രദീപികയോട് പറഞ്ഞു.