തലശേരി: തലശേരി ചേറ്റംകുന്നിൽ വീട് തകർത്ത് 60 പവൻ കൊള്ളയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചേറ്റംകുന്ന് ഹസീന മൻസിലിൽ ആഷിഫിന്റെ വീട്ടിൽ നിന്ന് ബെഡ് റൂമിന്റെ ജനൽ കമ്പി തകർത്ത് അകത്തു കടന്ന് കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്ന സംഭവത്തിലാണ് സിഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.
കവർച്ച നടന്ന വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുടെ വിശദ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. കവർച്ച നടന്ന വീടും പരിസരവും പോലീസ് വിശദമായ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല.
തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ ആസൂത്രിതമായിട്ടാണ് കവർച്ച നടത്തിയിട്ടുള്ളതെന്നാണ് പോലീസ് നിഗമനം. വീട്ടിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കവർച്ചാ സംഘങ്ങളുടെ വിരലടയാളവുമായി ഒത്തു നോക്കുകയാണ് പോലീസ് ചെയ്തു വരുന്നത്.
ജനങ്ങൾ തിങ്ങി പാർക്കുന്ന ചേറ്റം കുന്നിൽ നടന്ന കവർച്ച പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 24 ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും 26 ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനൽ തകർത്തതായി കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽ പെട്ടത്. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്നിറങ്ങിയ പോലീസ് നായ കോടതിയുടെ പിൻഭാഗം വരെ ഓടിയെത്തിയിരുന്നു.