നവാസ് മേത്തർ
തലശേരി: തലശേരി കോടതികളിൽ ഇനി കൊലപാതകക്കേസുകളുടെ വിചാരണ കാലം. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും നാല് അഡീഷണൽ ജില്ലാ സെഷൻസ് കോടതികളിലുമായി 179 കൊലപാതകക്കേസുകളുടെ വിചാരണയാണ് വരും ദിവസങ്ങളിൽ നടക്കുക.
കാൽ നൂറ്റാണ്ട് മുമ്പുളള രാഷ്ട്രീയ കൊലപാതകക്കേസുകൾ ഉൾപ്പെടെ വിചാരണ ആരംഭിച്ചു കഴിഞ്ഞു.കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊലപാതക്കേസുകളുടെ വിചാരണ കോടതികളിൽ നടന്നിരുന്നില്ല.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിമാർ വാഴാത്ത തലശേരിയിൽ കൊലപാതകക്കേസുകൾ കെട്ടിക്കിടക്കുന്നത് നിയമ വൃത്തങ്ങളിൽ പലപ്പോഴും ചർച്ചയായിരുന്നു. രണ്ട് വർഷത്തോളം കോവിഡ് കാരണവും വിചാരണ നടന്നില്ല.
അതിനു മുമ്പ് പല കോടതികളിലും പലപ്പോഴും ന്യായാധിപന്മാർ ഉണ്ടായിരുന്നില്ല. ഇതിനു പുറമെ പോക്സോ കേസുകൾക്ക് പ്രധാന്യം വന്നതോടെ പോക്സോ കേസുകളുടെ വിചാരണകൾ അതിവേഗം പൂർത്തിയായി.
കൊലപാതകക്കേസുകൾ കെട്ടിക്കിടന്നു. ഇതിനിടയിൽ പല സ്ഥലത്തും പ്രത്യേക പോക്സോ കോടതികൾ നിലവിൽ വരികയും ചെയ്തു.
ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറായി അഡ്വ.കെ.അജിത്കുമാർ ചുമതലയേറ്റതോടെ കൊലപാതകക്കേസുകളുടെ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചു.
കെട്ടിക്കിടക്കുന്ന കേസുകളുടെ വിശദമായ ലിസ്റ്റ് തയാറാക്കുകയും ന്യായാധിപന്മാരുമായി സംസാരിച്ച് വിചാരണക്ക് വഴിയൊരുക്കുകയായിരുന്നു.
നിലവിൽ എല്ലാ കോടതികളിലും ന്യായാധിപന്മാരും പ്രോസിക്യൂട്ടർമാരും വന്നതോടെ വിചാരണ നടപടികൾ വേഗത്തിലാകുകയും ചെയ്തു.
കാൽ നൂറ്റാണ്ട് മുമ്പ് നടന്ന ന്യൂ മാഹി ഇരട്ടക്കൊലപാതകം, കതിരൂർ എരുവട്ടിയിലെ അഷറഫ് വധം, ശ്യാമപ്രസാദ് വധം, എടക്കാട് സൂരജ് വധം, ഉരുവച്ചാലിലെ സജീവൻ വധം, കാസർഗോട്ടെ സുഹാസ് വധം, ഓണിയൻ പ്രേമൻ വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതകക്കേസുകളുടെ വിചാരണ ഇതിനകം വിചാരണ ആരംഭിക്കുകയോ വിചാരണ തീയതികൾ നിശ്ചയിക്കുകയോ ചെയ്തു കഴിഞ്ഞു.
കാലം കടന്നു പോയപ്പോൾ കൊലപാതകക്കേസുകളിൽ നേരത്തെ സ്പെഷൽ പ്രോസിക്യൂട്ടറായി എത്തിയ അഭിഭാഷകൻ ഗവർണറാകുകയും പല കേസുകളിലേയും പ്രതിഭാഗം അഭിഭാഷകർ ആയിരുന്നവർ അഡ്വക്കറ്റ് ജനറലും ഗവൺമെന്റ് പ്ലീഡർമാർമാരായി മാറുകയും ചെയ്തു.
കാസർഗോട്ടെ അഡ്വ.സുഹാസ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഇപ്പോൾ ഗോവ ഗവർണറാണ്. മു
ഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ അന്നത്തെ പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ഗോപാലകൃഷ്ണ കുറുപ്പ് ഇപ്പോൾ അഡ്വക്കറ്റ് ജനറലാണ്. ഇതേ കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.കെ. അജിത്കുമാർ ഇപ്പോൾ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡറുമാണ്.