തലശേരി: തിരുവിതാകൂറിലെ പ്രമുഖ ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളായ അതിപ്രശസ്തരായ ഡോക്ടര്‍ ദമ്പതിമാരുടെ തലശേരി നഗരത്തിലെ 20 കോടി രൂപ വില വരുന്ന അര യേക്കർ സ്ഥലവും ബഹു നിലകെട്ടിടവും 500 പവന് സ്വര്‍ണാഭരങ്ങളും തട്ടിയെടുത്ത കേസില്‍ കേന്ദ്ര ഏജന്‍സിയും അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്ടറ്റീവ് ഏജന്‍സി അന്വേഷണം നടത്തുന്നതിനിടയിലാണ് കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു ഏജന്‍സിയും അന്വേഷണമാരംഭിച്ചിട്ടുള്ളത്.
ഡോക്ടര്‍ ദമ്പതിമാരുടെ അമേരിക്കയിലുള്ള ബന്ധുക്കള്‍ കേന്ദ്രത്തിലെ മലയാളിയായ ഉന്നത ഉദ്യോഗസ്ഥനോട് സംഭവങ്ങള്‍ വിവരിക്കുകയും രാഷ്ട്രദീപിക വാര്‍ത്തകള്‍ അയച്ചു കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ഒരു ഏജന്‍സി കൂടി രംഗത്തു വന്നിട്ടുള്ളത്.ഡോക്ടര്‍ ദമ്പതിമാരുടെ നിരവധി ബന്ധുക്കളാണ് അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ളത്.
തലശേരിയില്‍ നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥകള്‍ ഇവര്‍ അറിഞ്ഞിരുന്നില്ല. അഭിമാനികളായ ഡോക്ടര്‍ ദമ്പതിമാര്‍ തങ്ങള്‍ തട്ടിപ്പിനിരയായ വിവരം പുറം ലോകത്തെ അറിയിച്ചിരുന്നില്ല. രാഷ്ട്രദീപിക വാര്‍ത്തയെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. ഇതോടെ തങ്ങളുടെ പ്രയിപ്പെട്ടവരെ വഴിയാധാരാമാക്കിയ കൊള്ളപ്പലിശക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനുള്ള കഠിന പ്രയത്നത്തിലാണ് ഡോക്ടര്‍ ദമ്പതികളുടെ ബന്ധുക്കള്‍.
ലോഗന്‍സ് റോഡിലെ കൊള്ളപ്പലിശക്കാരന് തട്ടിയെടുത്ത വിവാദ കെട്ടിടത്തിന്റെയും സ്ഥലത്തിന്റേയും സര്‍വേ നമ്പറുകള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കെട്ടിടം നില്ക്കുന്ന സ്ഥലത്തിന്മേലും കെട്ടിടത്തിന്മേലും നടന്ന ക്രയ വിക്രയങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണമാണ് ഇപ്പോള്‍ നടത്തി വരുന്നത്. രജിസ്ട്രേഷന് വകുപ്പില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തോടെ സര്‍വേ നമ്പര്‍ ശേഖരിച്ച സംഘം വില്‍പ്പന സംബന്ധിച്ച രേഖകകളും പരിശോധിച്ചു വരികയാണ്. ഇതിനു പുറമെ ഡോക്ടര്‍ ദമ്പതികളെ വണ്ടിച്ചെക്ക് കേസില്‍ പെടുത്തയതിന്റെ വിശദ വിവരങ്ങളും സംഘം അന്വേഷിക്കുന്നുണ്ട്.
പോണ്ടിച്ചേരിയില്‍ കൊടുത്ത കേസുകളുടെ വിവരങ്ങളും ലഭിച്ചതായാണ് സൂചന. പലിശ തുകക്ക് സെക്യൂരിറ്റിയായി നല്കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന് ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. 14 സ്ഥലത്ത് കോടികള്‍ ലഭിക്കാനുണ്ടെന്ന് വരുത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ നിന്നും അറസ്റ്റ് വാറണ്ട് സംഘടിപ്പിച്ചു. ഈ അറസ്റ്റ് വാറണ്ട് കാണിച്ച് ഡോക്ടര്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി പലിശ മാഫിയ കോടികള്‍ വില വരുന്ന സ്വത്തുകള്‍ തട്ടിയെടുക്കുകയായിരുന്നു.
കേരളത്തിലെ രണ്ട് മുന്‍ ഡിജിപി മാരും സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സികളോട് ആവശ്യപ്പെട്ടതായിട്ടാണ് അറിയുന്നത്.ഇതിനു പുറമെ വിവാദ കെട്ടിടത്തിനു തൊട്ടു മുന്നിലായി ഷോപ്പിംഗ് കോംപ്ലക്സ് നില്ക്കുന്ന സ്ഥലവും ഇത്തരത്തില്‍ കൊള്ളപ്പലിശക്കാരന് തട്ടിയെടുത്തതാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥ രാഷ്ട്രദീപികയാണ് പുറത്ത് കൊണ്ടു വന്നത്.