നവാസ് മേത്തര്‍
തലശേരി: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജനറല്‍ ആശുപത്രികളിലൊന്നായ തലശേരി ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ 540 രോഗികളെ കിടത്തി ചികില്‍സിച്ചിരുന്ന ജനറല്‍ ആശുപത്രിയിലിപ്പോള്‍ കിടത്തി ചികില്സിക്കുന്ന രോഗികളുടെ എണ്ണം നൂറ്റമ്പതില്‍ താഴെയായി. മൂന്ന് മാസം മുമ്പ് വരെ രോഗികളെ കൊണ്ടും കൂട്ടിരിപ്പുകാരെ കൊണ്ടും നിന്ന് തിരിയാന്‍ സ്ഥലമില്ലാതിരുന്ന ജനറല്‍ ആശുപത്രിയിപ്പോള്‍ ആളൊഴിഞ്ഞ പുരമ്പറമ്പിന്റെ അവസ്ഥയിലായി.
പ്രമുഖരായ പല ഡോക്ടര്‍മാരും പുതിയ ഇടങ്ങള്‍ തേടുക കൂടി ചെയ്തതോടെ രോഗികള്‍ ആശുപത്രിയിലേക്ക് എത്തുന്നത് കുത്തനെ കുറഞ്ഞു. പൊതുസമൂഹത്തിന്റേതുള്പ്പെടെയുള്ള സഹകരണത്തോടെ വികസന വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരുന്ന പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ ജനറല്‍ ആശുപത്രി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണിപ്പോൾ.
ഓപ്പറേഷൻ തീയറ്റര്‍ ദുരൂഹ സാഹചര്യത്തില്‍ നവീകരണത്തിന്റെ പേരില്‍ അടച്ചു പൂട്ടി ആശുപത്രിയെ തകര്‍ച്ചയിലേക്ക് നയിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന ആരോപണണവുണ്ട്. കൂടാതെ നവീകരണത്തിനായി ലേബര്‍ റൂമും അടച്ചിടാന്‍ നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയായ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ നവീകരണത്തിന്റെ പേരില്‍ അടച്ചു പൂട്ടിയത്.
ഇതോടെ മുട്ടുമാറ്റിവെക്കലും മുഖത്തെ വൈകല്യങ്ങള്‍ നീക്കുന്നതും ഉള്‍പ്പെടെയുള്ള അതിനൂതന ശസ്ത്രക്രിയകളാണ് നിലച്ചത്. ഓര്‍ത്തോ, ഇഎന്‍ടി, ദന്തല്‍, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലായി അഞ്ഞൂറിലേറെ ശസ്ത്രക്രിയകളാണ് ഒരു മാസത്തില്‍ ജനറല്‍ ആശുപത്രിയില്‍ നടന്നിരുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഓര്‍ത്തോ വിഭാഗത്തില്‍ നാല് സര്ജന്മാരുടെ നേതൃത്വത്തില്‍ നാല്‍പ്പതിലേറെ സര്‍ജറികള്‍ നടന്നിരുന്നു.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മൂന്ന് സര്ജന്മാരുടെ നേതൃത്വത്തില്‍ 50 ലേറെ ജനറല്‍ സര്‍ജറികളും ബുധന്‍, ശനി ദിവസങ്ങളില്‍ ഇഎന്‍ടി, ദന്തല്‍ വിഭാഗങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നാല്‍പ്പതിലേറെ സര്‍ജറികളും നടന്നിരുന്നു. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തേണ്ട സര്‍ജറികളാണ് ചുരുങ്ങിയ ചെലവില്‍ ജനറല്‍ ആശുപത്രിയില്‍ നടന്നിരുന്നത്. തീയറ്റര്‍ അടച്ചതോടൊപ്പം പ്രമുഖരായ ചില ഡോക്ടര്‍മാര്‍ ആശുപത്രി വിടുകയും ചെയ്തു. മറ്റ് ചിലര്‍ അവധിയിലും പ്രവേശിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എത്തുന്നവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പാവപ്പെട്ട രോഗികള്‍ അപകടത്തിൽപ്പെട്ടാല്‍ മെഡിക്കല്‍ കോളജ് എത്തുന്നത് വരെ ജീവന് നില നിന്ന് കിട്ടിയാല്‍ ഭാഗ്യം എന്നതായി ഇപ്പോഴത്തെ സ്ഥിതി
. ലക്ഷങ്ങള്‍ ചെലവഴിച്ച് ബൈറുഹ എന്ന സംഘടന ശീതീകരണ സംവിധാനമുള്‍പ്പെടെ ഏര്‍പ്പെടുത്തി നവീകരിച്ച അത്യാഹിത വിഭാഗവും കെഎംസിസി നിര്‍മിച്ച് നല്കിയ ആധുനിക സൗകര്യങ്ങളോടു കൂടിയ മോര്‍ച്ചറിയും ടെലിച്ചെറി വെല്‍ഫെയര്‍ അസോസിയേഷന് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് നല്കിയ ഐസിയും നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശീതികരിച്ച വാര്ഡുകളുമുള്പ്പെടെ ജനറല്‍ ആശുപത്രി ഹൈടെക് ആയിക്കൊണ്ടിരിക്കേയാണ് ആശുപത്രിയെ പതനത്തിലേക്ക് നയിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുള്ളത്.
ശീതികരിച്ച ഒപി ബ്ലോക്കിന്റെ പ്രവര്‍ത്തിയും ദ്രുതഗതിയില്‍ നടന്നുവരിയാണ്. ഇതിനിടയിലാണ് രോഗികളെ ആശുപത്രിയില്‍ നിന്നും അകറ്റാനുതകുന്ന തരത്തില്‍ ഓപ്പറേഷന് തീയറ്റര്‍ തന്നെ അടച്ചുപൂട്ടി കറുത്ത കരങ്ങള്‍ ആശുപത്രിയെ പിന്നോട്ട് വലിച്ചിട്ടുള്ളത്.സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ ജനറല്‍ ആശുപത്രിയെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് ബദല്‍ സംവിധാനമൊരുക്കാതെ തീയറ്റര്‍ അടച്ചു പൂട്ടിയതിനെ പിന്നിലെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്.
ഓപ്പറേഷൻ തീയറ്ററിന്റെ നവീകരണ പ്രവർത്തി ഇതുവരേയും എങ്ങുമെത്താത്ത സ്ഥിതിയാണുള്ളത്. പ്രവൃത്തി തീരാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ആശുപത്രിയുടെ പലയിടങ്ങളിലും സീലിംഗ് അടർന്നുവീണിട്ടുമുണ്ട്. പ്രത്യേകിച്ച് ലേബർ റൂമിലേക്ക് പോകുന്ന വഴിയിലെ സീലിംഗ് അടർന്നു വീഴുന്നത് വലിയ അപകടത്തിന് വഴിവെച്ചേക്കും.
ആശുപത്രിയുടെ അകത്തെ റോഡ് അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചിരുന്നെങ്കിലും ഒരു വർഷമായി അവ അഥുപോലെതന്നെ കിടക്കുകയാണ്. രോഗികളേയും കൊണ്ട് ഇതുവഴിയുള്ള യാത്ര അതിനാൽ തന്നെ ഏറെ ദുസഹമായിരിക്കുകയാണ്. പ്രവേശന കവാടത്തിൽ തലശേരി ജനറൽ ആശുപത്രി എന്നൊരു ബോർഡ് പോലും ഇപ്പോഴില്ല.
ഇതൊക്കെ ആരും കാണാത്തതാണോ കണ്ടില്ലെന്ന് നടിക്കുകയാണോ എന്നതാണ് സംശയം. പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന ഈ ആശുപത്രി ഇങ്ങനെയൊക്കെ മതി എന്നാണോ കരുതുന്നത്. അതോ ഇവിടെയുള്ള അസൗകര്യങ്ങൾ കണ്ട് രോഗികൾ മറ്റ് ആശുപത്രികളിലേക്ക് പോയ്ക്കോട്ടോ എന്നാണോ. എന്തായാലും ജനങ്ങൾ ഈ ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കുന്നുണ്ട് എന്ന വലിയ സത്യം അറിഞ്ഞാൽ നന്ന്.