സ്വന്തം ലേഖകൻ
തലശേരി: തലശേരി ജനറൽ ആശുപത്രിയിലെ പ്രസവവാർഡിൽ കുത്തിവയ്പ് എടുത്ത അമ്മമാർക്ക് വിറയലും പനിയും.
സിസേറിയനിലൂടെ പ്രസവം കഴിഞ്ഞ് കൈക്കുഞ്ഞിനോടൊപ്പം കഴിയുന്ന പതിനാറ് അമ്മമാർക്കാണ് ഒരേ സമയം അപ്രതീക്ഷിതമായി വിറയലും പനിയും വന്നത്.
ഇതോടെ പ്രസവ വാർഡിൽ പരിഭ്രാന്തി പരന്നു. വാർഡിൽ കൂട്ടക്കരച്ചിലുയർന്നു. കൈക്കുഞ്ഞിന് മുലയൂട്ടാൻ പോലും കഴിയാതെ അമ്മമാർ വിതുമ്പി.
കൂട്ടിരിപ്പുകാരും മറ്റ് വാർഡിലുള്ള ആളുകളും പ്രസവ വാർഡിൽ തടിച്ചു കൂടി. സംഘർഷാവസ്ഥയും ഉടലെടുത്തു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വൈകുന്നേരം കുത്തിവയ്പെടുത്ത അമ്മമാർക്കാണ് രാത്രിയോടെ പനിയും വിറയലും ചർദ്ദിയും അനുഭവപ്പെട്ടത്.
രണ്ടും മൂന്നും ദിവസം മുമ്പ് സിസേറിയൻ കഴിഞ്ഞവരായിരുന്നു അമ്മമാർ. വിറയലും പനിയും ഛർദ്ദിയും വന്നതോടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ പോലും സാധിക്കാതെ അമ്മമാർ പ്രയാസപ്പെട്ടു.
വിവരമറിഞ്ഞ് ഡോക്ടർമാരും ആശുപത്രി വികസന സമിതി അംഗങ്ങളും വാർഡിലെത്തി.കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവയ്പിന് ഉപയോഗിച്ചതെന്നും അതല്ല മരുന്ന് മാറിപ്പോയതാണെന്നും ആരോപണവും ഉയർന്നിട്ടുണ്ട്.
അസ്വസ്ഥത അനുഭവപ്പെട്ടവരുടെ രക്തസാമ്പിളുകൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. പരിശോധിച്ചാഫലം ലഭിച്ച ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകുവെന്നാണ് അധികൃതരുടെ നിലപാട്. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.