തലശേരി: ചികിത്സാപിഴവിനെ തുടർന്ന് 17 കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
ചേറ്റംകുന്ന് നാസ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്റെ മകൻ സുൽത്താന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലാണ് തലശേരി ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം സർജൻ ഡോ. വിജുമോൻ ഉൾപ്പെടെയുള്ളവർക്കെതിരേ ടൗൺ പോലീസ് കേസെടുത്തത്.
തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കു പുറമെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കേസിൽ പ്രതികളാകും.
ഇന്ത്യൻ ശിക്ഷാനിയമം 338 പ്രകാരമാണ് അശ്രദ്ധമായി ചികിത്സിച്ചതിനാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഒക്ടോബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ വീണ് സുൽത്താന്റെ കൈ എല്ല് പൊട്ടുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്കിടയിലാണ് സുൽത്താന്റെ ഇടതു കൈ മുറിച്ചുമാറ്റേണ്ടി വന്നത്.
സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിടുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് പോലീസ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.