തലശേരി: എരഞ്ഞോളിയിൽ വെട്ടേറ്റ സിപിഎം പ്രവർത്തകൻ ശ്രീജൻ ബാബു (43) അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തല, നെഞ്ച്, കൈ തുടങ്ങിയ ഭാഗങ്ങളിൽ 20 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രീയയ്ക്കാണ് ഇന്നലെ ശ്രീജൻബാബു വിധേയനായത്. ഇദ്ദേഹത്തിന്റെ വലതുകാലിനും ഇടതുകൈക്കും ചലനശേഷി നഷ്ടപ്പെട്ടിട്ടുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.
കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ശ്രീജൻബാബുവിനെ നാളെ ഒരു ശസ്ത്രക്രീയയ്ക്കു കൂടി വിധേയനാക്കും. വലതുകാലിനാണ് നാളെ ശസ്ത്രക്രീയ നിശ്ചയിച്ചിട്ടുള്ളത്. ഈ ശസ്ത്രക്രീയയിലുടെ വലതുകാലിന്റെ ചലനശേഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർമാർ. പി.കെ.ശ്രീമതി എംപി, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, എ.എൻ.ഷംസീർ എംഎൽഎ എന്നിവർ ഇന്നലെ ശ്രീജൻബാബുവിനെ സന്ദർശിച്ചു.
ശ്രീജൻബാബുവിനെ ആക്രമിച്ച സംഘത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. തിരിച്ചറിഞ്ഞ പ്രതികളുടെ വീടുകളിൽ ഇന്നലെ രാത്രി പോലീസ് റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സായുധസേനയാണ് റെയ്ഡ് നടത്തിയത്.
പ്രതികൾ ഒളിവിൽ പോയതായാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺ കോളുകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂത്തുപറന്പ് സിഐ യു.പ്രേമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പട്ടാപ്പകൽ നടന്ന വധശ്രമമായതിനാൽ ദൃക്സാക്ഷികളായ ചിലർ പോലീസിന് രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.
അക്രമസംഭവത്തെ തുടർന്ന് കടുത്ത സംഘർഷാവസ്ഥയാണ് പൊന്ന്യം മേഖലയിൽ നിലനിൽക്കുന്നത്. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കുകയും പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഐജി മഹിപാൽ യാദവ് ഇന്നലെ സംഘർഷപ്രദേശം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ക്രമസമാധാനനില ചർച്ചചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെയാണ് പൊന്ന്യം നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ വച്ച് കുടക്കളം കുന്നുമ്മൽ ബ്രാഞ്ച് അംഗവും ഓട്ടോറിക്ഷാ ഡ്രൈവറുമായ കുണ്ടാഞ്ചേരി ഹൗസിൽ ശ്രീജൻ ബാബുവിനു വെട്ടേറ്റത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. രമ്യയുടെ ഭർത്താവാണ് ശ്രീജൻ ബാബു. സംഭവത്തിൽ എട്ടു ബിജെപി- ആർഎസ്എസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.