സ്വന്തം ലേഖകൻ
തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാംവിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു വരുന്ന യുവതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
യുവതിയുടെ പരാക്രമം സംബന്ധിച്ച് ഇന്നലത്തെ രാഷ്ട്രദീപിക വാർത്തയോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണർ.
തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമം കാണിക്കുകയും അത്യാഹിത വിഭാഗത്തിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് തലശേരി ടൗൺ പോലീസ് വ്യക്തമാക്കി.
സംഭവമറിഞ്ഞ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, അടികൊണ്ടയാൾ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് തിരിച്ച് പോരുകയാണുണ്ടായതെന്നു പോലീസ് സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു.
യുവതിയുടെ ജീവിതത്തെക്കുറിച്ച് നിറം പിടിച്ച കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയയാണ് യുവതിയെ നിയന്ത്രിക്കുന്നതെന്നാണ് നാട്ടിലുള്ള പ്രധാന പ്രചാരണം.
നിർധന കുടുംബ പശ്ചാത്തലമുള്ള യുവതിയുടെ യാത്രകളും ആഡംബര ജീവിതയും ദുരൂഹത ഉളവാക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.