നവാസ് മേത്തർ
തലശേരി: നഗരസഭയുടെ പീഡനങ്ങളെ തുടർന്ന് ദമ്പതികൾ നാടുവിടേണ്ടി വന്ന തലശേരിയിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം പോലും ചെയ്യാൻ കഴിയാതെ 78 മുറികളുള്ളആറ് നില കെട്ടിടം പൂട്ടിയിട്ടത് പതിനേഴ് വർഷം.
പ്രവാസി വ്യവസായിയായ കതിരൂർ സ്വദേശിയായസി.കെ.അബ്ദുൾ മജീദ് പന്ത്രണ്ടരകോടി രൂപ മുടക്കി നിർമിച്ച തലശേരി – കൂർഗ് റോഡിലെ ചിറക്കരയിൽ സി.കെ. അവന്യൂവാണ് പതിനേഴ് വർഷമായി പൂട്ടിക്കിടക്കുന്നത്.
ഈ റൂട്ടിലൂടെ കടന്നു പോകുന്നവരെല്ലാം ഈ കെട്ടിടം കാണും. എന്തേ ഈ കെട്ടിടം തുറക്കാത്തത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുമുണ്ടാകും.
രണ്ട് വർഷം മുമ്പ് കെട്ടിടം വാടകക്കെടുത്ത ഡോ. ഷാജീസ് എംആർഎ സ്കാൻ ആൻഡ് റിസർച്ച് സെന്റർ ഉടമ കോഴിക്കോട് മീഞ്ചന്ത ഇന്ദ്രപ്രസ്ഥത്തിൽ ഡോ. പി.സി. ഷാജി അഡ്വ. സി.പി. പീതാംബരൻ മുഖാന്തിരം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഏതാനും മുറികൾക്ക് നഗരസഭ മിന്നൽ വേഗതയിൽ ലൈസൻസ് നൽകിയത്.
ലൈസൻസ് നൽകുകയോ അല്ലാത്ത പക്ഷം നഗരസഭ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പതിനേഴ് വർഷത്തെ കാത്തിരിപ്പിനു ശേഷം മിന്നൽ വേഗതയിൽ നഗരസഭ ലൈസൻസ് അനുവദിച്ചത്.
ഇതിനിടയിൽ സംഭവം വ്യവസായ മന്ത്രിയുടേയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപെടുകയും അവർ വിവരങ്ങൾ ആരായുകയും ചെയ്തു.
താത്കാലിക ലൈസൻസ് നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കണമെങ്കിൽ പതിനഞ്ച് ലക്ഷം രൂപ നികുതി ഇനത്തിൽ അടയ്ക്കണമെന് നഗരസഭ ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഡോ. ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ കോടതി നഗരസഭ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം സ്വീകരിച്ചതോടെയാണ് ഇപ്പോൾ ലൈസൻസ് അനുവദിച്ചിട്ടുള്ളത്.
” അനുഭവിക്കാത്തതായി ഒന്നുമില്ല; എന്നെ കത്തിച്ച് കടലിൽ വിതറൂ’
തലശേരി: ” ഇനി ഞാൻ അനുഭവിക്കാത്തതായി ഒന്നുമില്ല. നഗരസഭ ഓഫീസിനു മുന്നിലൂടെ പോകുമ്പോൾ എനിക്ക് ഭയമാണ്. എന്റെ നിർഭാഗ്യം അല്ലാതെ എന്ത് പറയാൻ. ഇത്രയേറെ എന്നെ ഉപദ്രവിച്ചവർക്ക് എന്നെ കത്തിച്ച് കടലിൽ വിതറിക്കൂടെ…
പതിനേഴ് വർഷം നീണ്ടു നിന്ന നഗരസഭയുടെ പീഡനത്തിൽ മനംനൊന്ത് താൻ പടുതുയർത്തിയ ആറ് നില കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിക്കുന്നതിനെകുറിച്ചുപോലും ആലോചിച്ചിട്ടുണ്ട് .
പക്ഷേ എന്റെ വിശ്വാസം അതിന് അനുവദിക്കാത്തത് കൊണ്ടാണ് താനിന്നും ജീവിച്ചിരിക്കുന്നത്. സി.കെ.അവന്യൂ ഉടമ സി.കെ.അബ്ദുൾ മജീദ് ദുബായ് ദേരയിലെ അൽഷമാലി ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിലെ ചെയർമാന്റെ ചെയറിൽ നിന്നും രാഷ്ട്രദീപികയോട് മനസ് തുറന്നു .
ഈ കെട്ടിടം നശിച്ച് പോകാതിരിക്കാൻ ഇതുവരെ മുടക്കിയത് മൂന്ന് കോടി രൂപയാണ്. ഹൈടെൻഷൻ വൈദ്യുതി ലൈൻ നില നിർത്താൻ മാത്രം മാസം ഒന്നേകാൽ ലക്ഷം രൂപയാണ് അടക്കുന്നത്.
പലപ്പോഴും ഈ കെട്ടിടം പൊളിച്ചു കളഞ്ഞാലോ എന്നാലോച്ചിട്ടുണ്ട്. മന്ത്രിമാരായിരുന്ന കോടിയേരിയും എ.കെ. ബാലനും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ ഉൾപ്പെടെ ഉള്ളവരും നിരവധി തവണ സഹായിക്കാൻ ശ്രമിച്ചു.
നടന്നില്ല. നഗരസഭക്ക് പൊന്നും വിലയുള്ള നാല് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ശേഷമാണ് കെട്ടിട നിർമാണത്തിന് അനുമതി ലഭിച്ചത്.
അത്യാധുനിക ആശുപത്രി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിടത്തിന്റെ പിൻഭാഗത്ത് ആവശ്യത്തിന് സ്ഥലമില്ല. വാതിലിന് വീതിയില്ല.
വിജാഗിരി ചെറുതാണ് എന്നിങ്ങനെ അനുമതി നൽകാതിരിക്കാൻ പല കാരണങ്ങളാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥരാണ് തന്നെ ഉപദ്രവിച്ചത്.
നല്ലൊരു വിഭാഗവും പിന്തുണ നൽകി. ഹൈക്കോടതിയെ സമീപിക്കാനുള്ള ഉപദേശം നൽകിയതും ഉദ്യോഗസ്ഥർ തന്നെയാണ്. 2002 ൽ നിർമാ തുടങ്ങിയ കെട്ടിടം 2006 പൂർത്തിയാക്കി. ഒരിക്കൽ പോലും തുറന്നില്ല.
പെയിന്റടിക്കാൻ വർഷം അഞ്ച് ലക്ഷം രൂപ വീതമാണ് ചിലവാക്കിയത്. കെട്ടിടം തുറന്നു കിട്ടുന്നതിനായി പതിനേഴ് വർഷത്തിനിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നും താൻ തിരുവനന്തപുരത്ത് പറന്നിറങ്ങിയതിനും താമസിച്ചതിനും കണക്കില്ല.
തലശേരിയിൽ വെറുതെ സ്ഥലം തരാമെന്ന് പറഞ്ഞാലും ഒരു പദ്ധതിയും തുടങ്ങില്ല. സിംഗപ്പൂർ, ദുബായ് , ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ ആറ് രാജ്യങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള മജീദ് പറയുന്നു. ഇപ്പോൾ എന്റെ നിക്ഷേപം മുഴുവൻ വിദേശ രാജ്യങ്ങളിലാണന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.