തലശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിനായി അഞ്ചരക്കണ്ടി പുഴയിൽ കിഴക്കേപാലയാട് നിന്നും നിട്ടൂർ ബാലത്തിലേക്ക് പണിയുന്ന പാലത്തിന്റെ നാല് ബീമുകൾ തകർന്ന സംഭവത്തിൽ ദേശീയപാത വിഭാഗം അന്വേഷണമാരംഭിച്ചു.
ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടേയും സാന്നിധ്യമില്ലാത്ത സമയത്ത് പാലം തകർന്നതിനാലാണ് ആളപായം ഇല്ലാതിരുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി , എം.പി. അരവിന്ദാക്ഷൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
പാലം തകർന്ന സംഭവത്തിൽ കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന എ.എൻ. ഷംസീർ എംഎൽഎയുടെ നിലപാട് ദുരൂഹത ഉയർത്തുന്നതായും സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞു.
20 കോടിയുടെ ലൈഫ് മിഷൻ പദ്ധതിയിൽ നാല് കോടി കമ്മീഷൻ പറ്റിയതു പോലെയാണോ മാഹി ബൈപ്പാസ് നിർമാണമെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നിർമാണ പ്രവൃത്തികളിൽ ഒരു പരിശോധനയും സംസ്ഥാനത്ത് നടക്കുന്നില്ലെന്നതിന്റെ തെളിവാണ് പാലം തകർന്നതിലൂടെ വ്യക്തമായിട്ടുള്ളതെന്നും ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
കോൺക്രീറ്റ് കഴിഞ്ഞ് തൂണിന് മുകളിൽ ഉയർത്തിവച്ച നാലു ബീമുകളാണ് ഇന്നലെ തകർന്ന് പുഴയിൽ പതിച്ചത്. ബൈപ്പാസിലെ ഏറ്റവും നീളമുള്ള പാലമാണിത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപുവരെ തൊഴിലാളികളും മീൻപിടിത്തക്കാരും സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടിത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പെരുമ്പാവൂരിലെ ഇ.കെ.കെ.കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്. ഇവർ ഉപ കരാറും ചില ഭാഗങ്ങളിൽ നൽകിയിട്ടുണ്ട്.