തലശേരി: നീലച്ചിത്രം കാണിച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിനു പിന്നിൽ മൂന്ന് വർഷം മുമ്പ് നടന്ന മറ്റൊന്നു പീഡന കേസിന് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നു.
പീഡനത്തിനിരയായ പന്ത്രണ്ടുകാരന്റെ പിതാവ് പ്രായപൂർത്തിയാകാത്ത മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഈ കേസിൽ ഇയാൾക്കെതിരെ മൊഴി നൽകിയ വീട്ടമ്മ ഉൾപ്പെടെ രണ്ട് സ്ത്രീകളാണ് പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കേസിൽ ഇപ്പോൾ പ്രതി സ്ഥാനത്തുള്ളത്.
മനോ വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അന്ന് റിമാൻഡിലാവുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് പന്ത്രണ്ട്കാരന്റെ പീഡന കഥയെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഈ ആരോപണം ശരിയല്ലെന്നും പന്ത്രണ്ടുകാരൻ പീഡനത്തിരയായെന്നുമാണ് മറുഭാഗത്തിന്റെ വാദം.
ഇതു സംബന്ധിച്ച ചോദ്യങ്ങളോട് അന്വേഷിച്ച് മറുപടി പറയാമെന്നാണ് ബന്ധപ്പെട്ട സ്റ്റേഷനിലെ എസ്ഐയിൽ നിന്നുള്ള മറുപടി. കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പോലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചു വരികയാണ്. വീട്ടമ്മയുൾപ്പെടെ രണ്ട് യുവതികൾക്കെതിരെ പോലീസ് പോക്സോ കേസെടുത്തിട്ടുണ്ട്.
ഭർതൃമതിയായ യുവതിയും അയൽവാസിയായ ഊമയായ യുവതിയും ചേർന്നാണ് പന്ത്രണ്ട്കാരനെ കിടപ്പറയിൽ കുട്ടി കൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി ഉയർന്നത്.