സ്വന്തം ലേഖകൻ
തലശേരി: കണ്ണൂരിലും തലശേരിയിലും ലഹരിമാഫിയയുടെ ഡിജെ പാർട്ടിയും മാംസകച്ചവടവും സജീവമാകുന്നു. സ്കൂൾ-കോളജ് വിദ്യാർഥികൾക്കായാണ് ഡിജെ പാർട്ടി ഒരുക്കുന്നത്. തലശേരിയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഇത്തരം മൂന്ന് ഡിജെ പാർട്ടികൾ അരങ്ങേറിക്കഴിഞ്ഞു. ഡിജെ പാർട്ടിയുടെ മറവിൽ കർണാടകത്തിൽ നിന്നും യുവതികളെ എത്തിച്ച് മാംസവ്യാപാരവും വ്യാപകമാണ്.
കണ്ണൂരിലെയും തലശേരിയിലെയും ചില റിസോർട്ടുകളിലും മറ്റ് രഹസ്യ കേന്ദ്രങ്ങളിലും അതീവ രഹസ്യമായി നടക്കുന്ന ഡിജെ പാർട്ടികളിലേക്ക് കർണാടകയിൽ നിന്നുള്ള ലഹരി – സെക്സ് റാക്കറ്റുകളിലെ കണ്ണികളായ യുവതി-യുവാക്കളാണ് എത്തുന്നതെന്നാണ് രാഷ്ട്രദീപിക ക്രൈംസെല്ലിന് ലഭിച്ച വിവരം.
മാംസക്കച്ചവടത്തിന് കർണാടകയിൽ നിന്ന് യുവതികൾ
തലശേരിയിലെ ചില വീടുകൾ വാടകക്കെടുത്ത് പെൺവാണിഭം സജീവമായിരിക്കുന്നത്. മംഗളൂരു, ബംഗളൂരു നഗരങ്ങളിൽ നിന്ന് യുവതികളെ തലശേരിയിലെത്തിച്ച് ആവശ്യക്കാർക്ക് നൽകുന്ന അന്തർ സംസ്ഥാന സെക്സ് റാക്കറ്റ് തലശേരിയിൽ സജീവമാണ്.നഗരത്തിലെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ചും ഇവർ പെൺവാണിഭം നടത്തി വരുന്നുണ്ട്. മണിക്കൂറിന് പതിനായിരവും ഒരു ദിവസത്തേക്ക് അര ലക്ഷം രൂപ വരേയുമാണ് സെക്സ് മാഫിയ ഈടാക്കുന്നത്.
ഡിജെ പാർട്ടികൾ വ്യാപകം
തലശേരിയിൽ സ്കൂൾ കോളജ് വിദ്യാർഥികളുടെ ഫെയർവെൽ പാർട്ടികൾ ഡി ജെ പാർട്ടികളായി മാറിയത് കഴിഞ്ഞ വർഷം മുതലാണ്. ലഹരി മാഫിയയുടെ ആസൂത്രിത നീക്കമാണ് ഇതിന്റെ പിന്നിൽ. ഡിജെ പാർട്ടിയിലൂടെ ലഹരിമാഫിയയുടെ കണ്ണികളായി കുട്ടികളെ മാറ്റുന്നു. ആയിരം രൂപ പ്രവേശന ഫീസ് നിശ്ചയിച്ച് രഹസ്യമായി നടക്കുന്ന ഇത്തരം പാർട്ടികളിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത് നിരവധി സ്കൂൾ, കോളജ് വിദ്യാർഥി – വിദ്യാർഥിനികളാണ്.
തലശേരിയിലും കണ്ണൂരിലുമുള്ള മാളുകൾ കേന്ദ്രീകരിച്ചാണ് ഡി ജെ പാർട്ടികളുടെ ആലോചനകളൂം കാൻവാസിംഗും നടക്കുന്നത്. നവ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നു. തലശേരി പഴയ ബസ് സ്റ്റാൻഡ്, ജൂബിലി ഷോംപ്പിങ്ങ് കോംപ്ലക്സ് പരിസരം, ഇറച്ചി മാർക്കറ്റ് ,നഗരത്തിലെ സ്കൂൾ പരിസരം,കോട്ട, സെന്റിനറി പാർക്ക്, സിവ്യൂ പാർക്ക്, തുടങ്ങിയ സ്ഥലങ്ങളിലും മയക്ക് മരുന്ന് വിപണനം സജീവമാണ്.