തലശേരി: ജനമൈത്രി പോലീസും തലശേരി നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്നു നടത്തിയ സ്നേഹക്കൂട്ടായ്മയിൽ തെരുവോര മനുഷ്യർക്ക് പുതുജീവൻ. തലശേരി നഗരത്തിൽ അലഞ്ഞുനടന്ന അറുപതിലേറെ പേരെയാണ് പോലീസും സന്നദ്ധസംഘടനകളും ചേർന്ന് ഇന്നലെ രാവിലെ തലശേരി ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വൃത്തിഹീനമായ സാഹചര്യത്തിൽ ജടപിടിച്ച മുടിയും മുഷിഞ്ഞുനാറിയ വസ്ത്രങ്ങളുമായി നഗരത്തിന്റെ മുക്കിലും മൂലയിലും കഴിഞ്ഞിരുന്ന സ്ത്രീകളടക്കമുള്ളവരെയാണ് പോലീസിന്റെ നേതൃത്വത്തിൽ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ഇതോടെ നെസ്റ്റ് 2017 എന്നു പേരിട്ട പുനരധിവാസ പ്രവർത്തനം വിജയകരമായി.
സാമൂഹികപ്രവർത്തകരായ ബാബു പാറാൽ, എൻ.നൗഷാദ്, പി.പി. മൊയ്തു, പി.സാദിഖ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത്. ഡിവൈഎസ്പി ഓഫീസ് കോന്പൗണ്ടിലെത്തിച്ച തെരുവുമക്കളെ മുടിമുറിച്ചും കുളിപ്പിച്ചും പുതുവസ്ത്രങ്ങൾ അണിയിച്ചും ഉന്മേഷവാൻമാരാക്കിയശേഷം വിദഗ്ധ മെഡിക്കൽ സംഘത്തെക്കൊണ്ട് രോഗനിർണയവും നടത്തി. ഡോക്ടർമാരായ എം.മധുസൂദനൻ, ദേവരാജ്, എസ്.ആർ. പുഷ്പരാജ്, അജിത്കുമാർ, സജീവ്, രാജീവ് രാഘവൻ എന്നിവരാണ് പരിശോധന നടത്തി സൗജന്യമായി മരുന്നും നൽകിയത്.
രാവിലെ ചായയും പലഹാരങ്ങളും ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും തെരുവോരമക്കൾക്കായി വിളന്പി. തുടർന്ന് മാനസിക അസ്വസ്ഥത പുലർത്തുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലും ലഹരിക്ക് അടിമപ്പെട്ടവരെ ലഹരിമുക്ത കേന്ദ്രങ്ങളിലേക്കും അനാഥരായവരെ അനാഥമന്ദിരങ്ങളിലേക്കും അയച്ചുകൊണ്ടാണ് സ്നേഹകൂട്ടായ്മ സമാപിച്ചത്. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീഷ് ബാലസുബ്രഹ്മണ്യം സ്നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി.കെ രമേശൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ക്ലാസെടുത്തു.
നഗരസഭ വൈസ് ചെയർമാൻ നജ്മഹാഷിം, പി.പി. സാജിത, സൈറാ മുഹമ്മദ്, കെ. അച്യുതൻ, മേജർ പി. ഗോവിന്ദൻ, അനൂപ് കേളോത്ത്, സി.എച്ച് നൗറിഫ്, ജിജു സി. സോമൻ, ഉസീബ് ഉമ്മലിൽ, ബാബു, ടി.എം ദിലീപ്കുമാർ, നവാസ് മേത്തർ, പി.പി ചിന്നൻ ,സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, സി.കെ ബിന്ദുരാജ് എന്നിവർ സംസാരിച്ചു. സിഐമാരായ യു. പ്രേമൻ, കെ.എസ്. ഷാജി എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സന്നദ്ധ സംഘടനകളായ ജെസിഐ, റോട്ടറി ക്ലബ്, വൈസ്മെൻസ് ഇന്റർനാഷണൽ, ഐഎംഎ, വ്യാപാരി വ്യവസായി ഏകോപനസമിതി, സദസ്, ബ്രക്സ, മലയാളി അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, അത്താഴക്കൂട്ടം, പ്രാർഥനാ സദസ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും ജനമൈത്രി പോലീസുമാണ് തെരുവോര മനുഷ്യരെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയത്.