തലശേരി: തലശേരിയിൽ കടൽപ്പാലം കാണാനെത്തിയ പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 40 കാരൻ അറസ്റ്റിൽ. കല്ലുമ്മക്കായ തൊഴിലാളിയായ ചക്യത്ത് മൂക്ക് ബദരി ഹൗസിൽ റഷീദിനെ (40) യാണ് പ്രിൻസിപ്പൽ എസ്ഐ എം.അനിലും സംഘവും അറസ്റ്റ് ചെയ്തത്.
കടൽപ്പാലത്തിലെത്തിയ കുട്ടിയെ പ്രതി സ്നേഹം ഭാവിച്ചും ഭക്ഷണം വാങ്ങി കൊടുത്തും പ്രലോഭിപ്പിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തിരിച്ച് സ്വന്തം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനവിവരം പുറത്തറിഞ്ഞത്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയായിരുന്നു. കുട്ടി നൽകിയ മൊഴിയുടെയും പറഞ്ഞ ലക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.