സ്വന്തം ലേഖകൻ
തലശേരി: പതിനഞ്ചുകാരിയ ഇളയമ്മയും ഭർത്താവും ചേർന്ന് തട്ടിക്കൊണ്ടു പോയിഅതിസമ്പന്നന് കാഴ്ച വെച്ചു. സംഭവത്തിൽ ദമ്പതികളും തലശേരി കുയ്യാലിയിലെ അതിസമ്പന്നനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കതിരൂർ, ധർമ്മടം പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ ഇളയമ്മയുടെ ഭർത്താവിനെ കതിരൂർ സിഐ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ കൈക്കുഞ്ഞിനോടൊപ്പം ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.
പെൺകുട്ടി പോലീസിനും ഡോക്ടർക്കും നൽകിയ മൊഴികളിലാണ് തലശേരിയിലെ സമ്പന്നൻ വീട് നിർമിച്ച് നൽകാമെന്നും പണം നൽകാമെന്നും പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചതായും ഇളയമ്മയുടെ ഭർത്താവ് കതിരൂർ ആറാം മൈലിലെ ക്വാർട്ടേഴ്സിൽ വെച്ച് പീഡിപ്പിച്ചതായുംപറഞ്ഞത്.
തുടർന്ന് കതിരൂർ പോലീസ് സമ്പന്നനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ധർമടം പോലീസിന് കൈമാറുകയായിരുന്നു.മുഴപ്പിലങ്ങാട് സ്വദേശിയും കതിരൂർ ആറാം മൈലിലെ താമസക്കാരനുമായ മുപ്പത്തിയെട്ടുകാരനെയാണ് കതിരൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സംഭവത്തിൽ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ പോലീസ് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.കഴിഞ്ഞ മാർച്ച് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അറസ്റ്റിലായ പ്രതിയും ഭാര്യയും ചേർന്ന് പെൺകുട്ടിയെ ധർമടത്തെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു വരികയായിരുന്നു.
ഇളയമ്മക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പ്രതികൾ പെൺകുട്ടിയെ സൂത്രത്തിൽ ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് ഇവർ കുയ്യാലിയിലെ അതിസമ്പന്നന്റെ വീട്ടിൽ എത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാസ്ക് മാറ്റി കണ്ട ശേഷം വീട് നിർമിച്ച് തരാമെന്നും കടം തീർക്കാമെന്നും പെൺകുട്ടിയെ പത്ത് ദിവസത്തേക്ക് തനിക്ക് വിട്ടു തരണമെന്നായിരുന്നു സമ്പന്നൻ ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് ദമ്പതികൾ പെൺകുട്ടിയെ വിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പീഡന ശ്രമത്തിൽ നിന്നും പെൺകുട്ടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തുകയായിരുന്നു.
അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ ബന്ധുവായ യുവാവ് മുൻ കൈയെടുത്ത് കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് നാടിനെ നടുക്കിയ പീഡന ശ്രമം പുറത്ത് വന്നത്.
ഇന്ത്യൻ ശിക്ഷാ നിയമം 363, സെക്ഷൻ 8 റെഡ് വിത്ത് 7, 10 റെഡ് വിത്ത് 9 (എൻ) 9 (ഇ) ഓഫ് പോക്സോ എന്നീ വകുപ്പുകൾ പ്രകാരം തട്ടിക്കൊണ്ട് പോകൽ, ലൈംഗീക പീഡന ശ്രമം, ലൈംഗീക ചുവയോടെ സമീപിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കതിരൂർ, ധർമ്മടം സ്റ്റേഷൻ പരിധികളിലെ സംഭവങ്ങളിലെ സംഭവങ്ങളിലെ ഇരയും പ്രതികളും ഒന്നാണെന്നും സമഗ്രമായ അന്വഷണമാണ് നടന്ന് വരുന്നതെന്നും തലശേരി അസി. പോലീസ് കമ്മീഷണർ വി.സുരേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവത്തിൽ ആരോപണ വിധേയനായിട്ടുള്ള സമ്പന്നനെതിരെ നേരത്തേയും സമാനമായ പരാതികൾ ഉയർന്നിരുന്നു. വനിതാ ഡ്രൈവിംഗ് സകൂളിലെ പരിശീലക ഡ്രൈവിംഗ് പരിശീലനത്തിന് എത്തിയിരുന്ന പെൺകുട്ടികളെ സമ്പന്നന്റെ വീട്ടിൽ ആസൂത്രിതമായി എത്തിക്കുകയും പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം നടക്കുകയും ചെയ്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ബന്ധുക്കൾ സമ്പന്നനെ വീട്ടിൽ കയറി അക്രമിച്ചിരുന്നു. ഇതിനു പുറമെ തന്റെ ഓഫീസിൽ ജോലിക്കാരിയായി എത്തിയ പെൺകുട്ടിയെ ഇയാൾ കടന്നു പിടിക്കാൻ ശ്രമിക്കുകയും ഇതേ തുടർന്ന് ബിജെപി നേതാവായ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സമ്പന്നനെ ഓഫീസിൽ കയറി അടിച്ചു വീഴ്ത്തുകയും ചെയ്തിരുന്നു. അന്ന് കഴുത്തിന് സാരമായി പരിക്കറ്റ സമ്പന്നൻ ഏറെ നാൾ ചികിത്സയിലുമായിരുന്നു.