തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുക്കാൻ തീരുമാനം.
പോക്സോ ഉൾപ്പെട്ട ഗൗരവമേറിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കും വിധം ലൈംഗിക ക്ഷമത പരിശോധ റിപ്പോർട്ട് ഡോക്ടർ നൽകിയതായാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ജില്ലാ പോലീസ് ആസ്ഥാനത്തെ ലീഗൽ സെൽ നടത്തിയ പരിശോധനയെ തുടർന്നാണ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരെ കേരള പോലീസ് ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ ശിപാർശ ചെയ്തിട്ടുള്ളത്.
സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയുടെ സാങ്കേതികാനുമതി ലഭിച്ചാലുടൻ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യും.
വിവാദമായ പീഡന കേസിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.വി ശശീന്ദ്രൻ, ഗവൺമെന്റ് പ്ലീഡർ ബീന കാളിയത്ത് എന്നിവർ ആരോഗ്യ വകുപ്പിനും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകിയിരുന്നു.