നവാസ് മേത്തര്‍
തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി കൊല്ലപ്പെട്ടയാളുടേതല്ലെന്ന് ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട്. എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം.സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടുള്ളത്. സംഭവത്തിന്റെ 10ാം വാര്‍ഷികത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2007 നവംബര്‍ 5 ന് കൊളശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം വച്ചാണ് സുധീര്‍ കൊല്ലപ്പെട്ടത്.
കണ്ണൂര്‍ ചിന്മയ സ്കൂളിലെ വിദ്യര്‍ഥികളുമായി കാറില്‍ വരവെ അക്രമിസംഘം കാര്‍ തടയുകയായിരുന്നു. അക്രമികളെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുധീറിനെ പിന്തുടര്‍ന്ന സംഘം തൊട്ടടുത്ത വീട്ടുപറമ്പില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൈപ്പത്തി നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പിറ്റേദിവസം തൊട്ടടുത്തുള്ളപറമ്പില് നിന്നാണ് സുധീറിന്റെ കൈപ്പത്തി പോലീസ് കണ്ടെത്തിയത്. കൈപ്പത്തി പോലീസ് പ്രത്യേകമായി ഇന്‍ക്വസ്റ്റ് നടത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കൈപ്പത്തി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയച്ച് നടത്തിയ പരിശോധനയിലാണ് സുധീറിന്റെ കൈപ്പത്തിയല്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ ഈ കൈപ്പത്തി ആരുടേതെന്നാണ് ചോദ്യം. ഇതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി.എന്‍ വിജയകുമാര്‍ മുമ്പാകെ ആരംഭിക്കുകയും മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.വിചാരണയ്ക്കായി ഫയല്‍ പഠിക്കുന്നതിനിടയിലാണ് ഡിഎന്‍എ ടെസ്റ്റ് ഫലം പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് തിരുവനന്തപുരം ഫോറന്‍സിക് ലാബിനോട് പ്രോസിക്യൂഷന് വിശദീകരണം തേടുമെന്നാണ് അറിയുന്നത്.
മൂന്ന് സാക്ഷികളുടെ ചീഫ് വിസ്താരം പൂര്‍ത്തിയാകുന്നതിനിടയില്‍ പ്രതിഭാഗം അഭിഭാഷകന് വക്കാലത്ത് ഒഴിഞ്ഞതോടെ വിചാരണ മാറ്റിവയ്ക്കുകയായിരുന്നു. ആര്‍എസഎസ്- ബിജെപി പ്രവര്‍ത്തകരായ നിഥിന് മോഹന്‍, ടി.സാജു, ടി.എം ഷിജില്‍, ജിതേഷ്കുമാര്‍, വിനീഷ് എന്ന കുഞ്ഞുകുട്ടന്, ദീപ്തേഷ്, ജിതിന് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാള്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 58 സാക്ഷികളാണ് ഈ കേസിലുള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രനാണ് ഹാജരാകുന്നത്.