തലശേരി: അരനൂറ്റാണ്ടായി കേയി കുടുംബത്തിലെ അവകാശികളെ കാത്ത് സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഖജനാവിലുള്ള 5000 കോടി രൂപ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം കൂടുതൽ വിവാദത്തിലേക്ക്. സംഭവത്തിൽ കേന്ദ്ര വഖഫ് ബോർഡും സംസ്ഥാന വഖഫ് ബോർഡും രണ്ടു തട്ടിൽ. വഖഫ് ചെയ്ത സ്വത്ത് ഒരു കാരണവശാലും വിൽക്കാനോ കുടുംബങ്ങൾക്ക് വീതിച്ച് നൽകാനോ നിയമപരമായി സാധിക്കില്ലെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
സൗദിയിൽ കേയി റുബാത്ത് പുനഃസ്ഥാപിക്കാനാണ് തുക വിനിയോഗിക്കേണ്ടത്. കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും നൽകാനുമാണ് പൂർവികർ കേയീ റുബാത്ത് സ്ഥാപിച്ചത്.
ആ ലക്ഷ്യ ത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് ആ തുക ഉപയോഗിച്ച് കേരളത്തിൽ നിന്നെത്തുന്ന ഹാജിമാർക്കായി സൗജന്യ താമസവും ഭക്ഷണവും ഒരുക്കണമെന്ന് സൗദി ഭരണകൂടത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടതായി റഷീദലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മലബാറിലെ പുരാതന മുസ്ലിം കുടുംബമായ കേയി കുടുംബത്തിന് അവകാശപ്പെട്ട കേയി റുബാത്തുമായി ബന്ധപ്പെട്ട 5000 കോടി രൂപ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് വിവാദം രൂക്ഷമായിട്ടുള്ളത്.
തുക തലശേരിയിലെത്തിക്കാൻ കേന്ദ്ര സർക്കാരും കേന്ദ്ര വഖഫ് ബോർഡും ഊർജിത ശ്രമം നടത്തുന്നതിനിടയിലാണ് സംസ്ഥാന വഖഫ് ബോർഡ് പണം കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെതിരെ രംഗത്തു വന്നിട്ടുള്ളത്. തുക ഇന്ത്യക്ക് കൈമാറുന്നത് കേയി കുടുംബത്തിലെ പൂര്‍വ്വികരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേയി കുടുംബത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.