തലശേരി: ഗുഡ്ഷെഡ് റോഡിൽ പ്രവർത്തിക്കുന്ന തലശേരി മിഷൻ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് മാസങ്ങളായി പ്രവർത്തനരഹിതം.
ഓപ്പറേഷൻ തീയേറ്ററിലെ മാലിന്യങ്ങളുൾപ്പെടെ അർദ്ധരാത്രിയിൽ അതീവ രഹസ്യമായി പുറത്തേക്ക് ഒഴുക്കുന്നതായി അധികൃതരുടെ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് 40 വീടുകളിലെ കുടിവെള്ളം മലിനമായി. ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കരുതെന്ന് എൻവയോൺമെന്റൽ എൻജിനിയർ ഉത്തരവിട്ടു.
പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുളളത്.
കഴിഞ്ഞ മൂന്നിന് എൻവയോൺമെന്റൽ എൻജിനിയർ ആശുപത്രി മാനേജിംഗ് ഡയറക്ടർക്ക് നൽകിയ നോട്ടീസിലാണ് ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കരുതെന്ന് ഉത്തരവ് നൽകിയത്.
2007 ൽ പ്രവർത്തനാനുമതി ലഭിച്ച ആശുപത്രിക്കെതിരേ നിരന്തരം പരാതികൾ മുമ്പും ഉയർന്നിരുന്നു. രാത്രിയുടെ മറവിൽ റെയിൽവെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മലിനജലം ഒഴുക്കിയിരുന്നത് ഏറെ വിവാദമായിരുന്നു.
കഴിഞ്ഞ മാസം 28 ന് പരിസരവാസികൾ ഒപ്പുവച്ച ഭീമഹർജി എ.എൻ. ഷംസീർ എം എൽഎക്ക് നൽകിയിരുന്നു. തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനക്ക് ആദ്യമെത്തിയ വനിതാ ഉദ്യോഗസ്ഥ പരിശോധന നടത്താതെ തിരിച്ച് പോയിരുന്നു.
ഇത് വിവാദമാകുകയും ചെയ്തു. തുടർന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു. മാലിന്യ സംസ്കരണ പ്ലാന്റ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും മലിനജലം പൊതു ഓടയിലേക്കാണ് ഒഴുക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തുകയും ഇക്കാര്യം രേഖാമൂലം ആശുപത്രി മാനേജിംഗ് ഡയറക്ടറെ അറിയിക്കുകയും രോഗികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പൊതുഓടയിലേക്ക് മലിനജലം ഒഴുക്കുന്നതിനായി സ്ഥാപിച്ച സംവിധാനങ്ങൾ നീക്കം ചെയ്ത് മലിനജലം ആശുപത്രി കോമ്പൗണ്ടിന് പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക, ജൈവ-അജൈവ ഖര മാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ നിർമാർജനം ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തി പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കുക, ബയോ മെഡിക്കൽ മാലിന്യങ്ങൾ തരം തിരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ മാനേജിംഗ് ഡയറക്ടർക്ക് നല്കിയ നോട്ടീസിൽ പറയുന്നു.
ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം സ്ഥാപനം അടച്ചു പൂട്ടുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. എന്നാൽ ഇത്രയും കാലം ഈ ആശുപത്രിയുടെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ അധികൃതർക്ക് സാധിക്കാതിരുന്നതും ദുരൂഹത ഉളവാക്കിയിട്ടുണ്ട്.