തലശേരി: കോവിഡ്-19 ചികിത്സയിൽ കഴിയുന്ന രണ്ട് പ്രവാസികൾ വാർഡിൽ നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും രോഗം പടർത്തുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്ത സംഭവത്തിൽ പാസ്പോർട്ട് കണ്ട് കെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടിക സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചു.
ഇതിന്റെ മുന്നോടിയായി ഇരുവർക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ നോട്ടീസ് നൽകി. ജനറൽ ആശുപത്രിയിൽ നോട്ടീസ് എത്തിയെങ്കിലും ഇരുവരും ചികിത്സയിലായതിനാൽ നോട്ടീസ് കൈമാറിയിട്ടില്ല.
ചികിത്സക്കിടയിൽ ഇരുവരും നടത്തിയ പ്രകടനം അതിരു വിട്ടതിനെത്തുടർന്നാണ് കർശന നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്. “ധൈര്യമുണ്ടെങ്കിൽ അടുത്ത് വാ….. ഞാൻ നിന്റെ മുഖത്ത് തുപ്പും….” തന്നെ ചികിത്സിക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് രോഗികളുടെ ആക്രോശം ഇതായിരുന്നു.
ഇവരുടെ പ്രതികരണങ്ങൾ അതിരു വിട്ടപ്പോൾ മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തിൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കേണ്ടി വന്നു. കോവിഡ് ചികിത്സയിലുള്ളവരിൽ രണ്ട് പേരാണ് ഇത്തരത്തിൽ തങ്ങളെ ചികിത്സിക്കാനും പരിചരിക്കാനും എത്തുന്നവരോട് അതിരു വിട്ട് പെരുമാറുന്നത്.
വാഷ് ബേസിനും ടോയ്ലെറ്റും ഉപയോഗിച്ച ശേഷം വെള്ളം ഒഴിക്കാതിരിക്കുക. ഡോക്ടർമാരുടെ വീഡിയോ കോളിൽ വരാതിരിക്കുക. ഇതൊക്കെ ഇവരുടെ പതിവാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു . എന്നാൽ ഇരുവരും രോഗികളായതുകൊണ്ട് സഹിക്കുകയാണെന്നും ആശുപത്രി ജീവനക്കാർ രാഷ്ട്രദീപികയോട് പറഞ്ഞു.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 16 പേരിൽ ആറുപേരുടെയും രോഗം ഭേദമാക്കിയ തലശേരി ജനറൽ ആശുപത്രിയിൽ ഇവരുടെ പ്രവൃത്തികൾ ഏറെ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്.
കോവിഡ് ചികിത്സയിലുണ്ടായിരുന്ന പത്തൊമ്പതുകാരന് അർധരാത്രിയിൽ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായതും യുവാവിന്റെ ജീവൻ അതി സാഹസികമായി രക്ഷിച്ചതും ഇതേ ആശുപത്രിയിൽ തന്നെയാണ്. ആശുപത്രി സൂപ്രണ്ട് പിയൂഷ് എം.നമ്പൂതിരിപ്പാട്, ആർഎംഒ ഡോ. ജിതിൻ, ഡോ. വിജുമോൻ, ഡോ.മുനീർ, ഡോ. അജിത്ത്, ഡോ. വിനീത എന്നിവരുൾപ്പെടെയുള്ള സംഘമാണ് ജനറൽ ആശുപത്രിയിൽ കോവിഡിനെതിരേ പട നയിക്കുന്നത്.
എ.എൻ ഷംസീർ എം എൽ എ, സബ് കളക്ടർ ആസിഫ് കെ.യൂസഫ്, മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം ,ഐഎംഎ പ്രസിഡന്റ് ഡോ.സജീവ് കുമാർ, സെക്രട്ടറി ഡോ. ജയകൃഷ്ണൻ നമ്പ്യാർ എന്നിവർ ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്.