എടത്വ: നെഹ്റു ട്രോഫി ജലമേളയില്‍ കന്നി അങ്കത്തിനൊരുങ്ങി തലവടി ചുണ്ടന്. 2023 ലെ പുതുവത്സര ദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന് റിക്സണ് എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ കുട്ടനാട് റോവിംഗ് അക്കാഡമിയുമായി ചേര്‍ന്ന് തലവടി ടൗണ്‍ ബോട്ട് ക്ലബ്ബാണ് കന്നി അങ്കത്തില്‍ തുഴയുന്നത്.
127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും പായുന്ന കുതിരയുടെ ആകൃതിയില്‍ തടിയില്‍ കൊത്തിവച്ച അണിയവുമാണ് വള്ളത്തിന്റെ ഘടന.
83 തുഴച്ചില്‍ക്കാരും അഞ്ചു പങ്കായകാരും ഒന്‍പത് നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം.
നീരണിയിക്കലിനുശേഷം ഹാട്രിക് ജേതാവായ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന തുഴച്ചില്‍ നടന്നിരുന്നു. 2022 ഏപ്രില്‍ 21 നാണ് തലവടി ചുണ്ടന്റെ ഉളികുത്ത് കര്‍മം നടന്നത്. കോഴിമുക്ക് നാരായണന് ആചാരിയുടെ മകന് സാബു ആചാരിയാണ് വള്ളത്തിന്റെ ശില്പി.
സാബു ആചാരി നിര്‍മിച്ച ആറാമത്തെ ചുണ്ടന് വള്ളം ആയതിനാല്‍ തലവടി ചുണ്ടന് നാട്ടുകാര്‍ ആറാം തമ്പുരാന് എന്ന വിളിപ്പേര് നല്‍കിയിട്ടുണ്ട്. തലവടി ചുണ്ടന് പ്രവാസികള്‍ ഉള്‍പ്പെടെ 156 ഓഹരി ഉടമകളുണ്ട്.
നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തുവരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തില്‍ നിന്നു ഒരു ചുണ്ടന് വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നമാണ് പുന്നമടയില്‍ പൂവണിയാന്‍ ഒരുങ്ങുന്നത്.