പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ തിയറ്ററുകളില്‍. സിഐ ജയശങ്കറായി ബിജുമേനോനും എസ്ഐ കാര്‍ത്തിക് വാസുദേവനായി ആസിഫ് അലിയും ലീഡ് വേഷങ്ങളില്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള കോംബോ ആയതുകൊണ്ടാണ് ഇവരെ ആലോചിച്ചത്. വളരെ നല്ല സുഹൃത്തുക്കളും തികഞ്ഞ ആര്‍ട്ടിസ്റ്റുകളുമാണ്. ഇരുവരും മത്സരിച്ച് അഭിനയിച്ച സിനിമയാണ്. ഇവരുടെ ഗിവ് ആന്‍ഡ് ടേക്ക് ഭംഗിയായി വന്നു- ജിസ് ജോയ് രാഷ്്ട്രദീപികയോടു പറഞ്ഞു.
ഫീല്‍ഗുഡില്‍ നിന്നു ത്രില്ലറിലേക്ക്…
ഈ ജോണറിൽ ഞാന്‍ ആദ്യമായാണു സിനിമ ചെയ്തത്. ഒരേപോലെയുള്ളതു തന്നെ ചെയ്യാതെ പല ജോണറുകളിൽ ചെയ്യാം എന്നു കരുതി. യാദൃച്ഛികമായി കേട്ട ഒരു സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോള്‍ അതുമായി മുന്നോട്ടു പോയി. കഥ, തിരക്കഥ ആനന്ദ് തേവര്‍കാട്ട്, ശരത് പെരുമ്പാവൂര്‍. സംഭാഷണവും ഗാനങ്ങളും എന്റേതാണ്. ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, മിയ ജോര്‍ജ് ഉള്‍പ്പെടെ എല്ലാവരും സീരിയസ് വേഷങ്ങളില്‍. ഡയറക്ടര്‍ രഞ്ജിത്ത് കാമിയോ റോളില്‍.
‘തലവന്‍’ പറയുന്നത്…
പോലീസിനുള്ളിലെ മേധാവിത്വം, അധികാരക്രമം, പൊളിറ്റിക്സ്, ഇന്‍വെസ്റ്റിഗേഷന്‍, അതിന്റെ രീതികള്‍, ഈ കഥയിലെ കുറ്റകൃത്യത്തിന്റെ പ്രത്യേകതകള്‍, അതു കണ്ടുപിടിക്കാനുള്ള യാത്രകള്‍, പോലീസുകാര്‍ തമ്മില്‍ തമ്മിലുള്ള ഈഗോ. അയ്യപ്പനും കോശിയും സിനിമയുമായി യാതൊരു ബന്ധവുമില്ല. ഈഗോയൊക്കെ ചെറിയ ലെയര്‍ മാത്രമേയുള്ളൂ. ഇതു പക്കാ ഇന്‍വെസ്റ്റിഗേഷനാണ്. നടന്നേക്കാവുന്നത് എന്നു തോന്നുന്ന കഥ.
ആസിഫുമായി നിരന്തരം സിനിമകള്‍…
ഏതു കഥാപാത്രം കൊടുത്താലും അതിലേക്കു പെട്ടെന്നു മാറാനുള്ള കഴിവ് ആസിഫിനുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഏറ്റവുമെളുപ്പം കഥ പറയാനും ബോധ്യപ്പെടുത്താനുമാവും. അഭിനയത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ആര്‍ട്ടിസ്റ്റാണ്. റോഷാക്കില്‍ അഭിനയിച്ചപ്പോള്‍ മമ്മൂക്ക പോലും ആസിഫിന്റെ ടാലന്റിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്.
ആദ്യമായി ബിജുമേനോനൊപ്പം…
ഈ കഥ വന്നപ്പോള്‍ ബിജുമേനോന് തന്നെയായിരുന്നു മനസില്‍. കഥ കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം ഓകെ പറഞ്ഞു. രാജ്യം അംഗീകരിച്ച വലിയ നടന് എന്നതിനപ്പുറം സ്റ്റാര്‍ട്ട്, കാമറ, ആക്ഷന്‍ കഴിഞ്ഞാല്‍ ഒട്ടും താരപരിവേഷമില്ലാതെ ജീവിക്കുന്ന, ഏറെ സുഹൃത്തുക്കളെ നിലനിര്‍ത്തുന്ന, പെട്ടെന്ന് എല്ലാവരുമായും കമ്പനിയാകുന്ന വളരെ സ്വീറ്റായ മനുഷ്യന്.
വെല്ലുവിളി..?
ഇന്‍വെസ്റ്റിഗേഷന്‍ ജോണര്‍ എല്ലാ സംവിധായകര്‍ക്കും വെല്ലുവിളിയാണ്. കുറ്റം എങ്ങനെ ചെയ്തുവെന്നതിന്റെ സാധ്യതകളാണ് ഓരോ പ്രേക്ഷകനും ആലോചിക്കുന്നത്. അവര്‍ക്കൊന്നും പിടികൊടുക്കാതെ, അവര്‍ ചിന്തിക്കാത്ത രീതിയില്‍ സിനിമ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എഡ്ജ് ഓഫ് ദ സീറ്റില്‍ ആളുകളെ ഇരുത്തണം. ഗ്രിപ്പ് വിട്ടുപോകാതെ അടുത്തതെന്ത് എന്ന ആകാംക്ഷ കൊടുത്തുകൊണ്ടേയിരിക്കണം.
പാട്ടെഴുത്ത്…
പാട്ടെഴുത്തുകാരനാവണം എന്നതു കോളജ് കാലത്തേയുള്ള ആഗ്രഹമാണ്. ഇതില്‍ ദീപക് ദേവ് സംഗീതം പകര്‍ന്ന രണ്ടു പാട്ടുകള്‍. തീച്ചുരുളിയില് എന്ന തീം സോങ്ങ്. പിന്നീടുള്ളതു മോണോലോഗ് പോലെ ഒരു പാട്ട്. അതു ബിജുമേനോന് തന്നെയാണു പാടിയത്. മറ്റു സംവിധായകരുടെ പടങ്ങളിലും എഴുതാറുണ്ട്.
സംവിധായകനായത്…
ഡബ്ബിംഗിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. വലിയ സംവിധായകർക്കൊപ്പം വര്‍ക്ക് ചെയ്തപ്പോഴൊക്കെ സംവിധാനത്തില്‍ താത്പര്യമുണ്ടായി. പക്ഷേ, ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ആഡ് ഫിലിം മേക്കിംഗ് കമ്പനിയുണ്ടായിരുന്നു. പരസ്യങ്ങള്‍ സംവിധാനം ചെയ്തിരുന്നു. അങ്ങനെ കിട്ടിയ ആത്മവിശ്വാസത്തില്‍ ആസിഫിനോടു കഥ പറഞ്ഞു. ബൈസിക്കിള്‍ തീവ്സ് എന്റെ ആദ്യ സിനിമയായി.
അല്ലു അർജുന് ഡബ്ബ് ചെയ്യുമ്പോൾ…
2007 മുതല്‍ അല്ലുവിനു ഡബ്ബ് ചെയ്യുന്നുണ്ട്. പരസ്പരമറിയാം. കേരളത്തില്‍ വന്നപ്പോള്‍ സംസാരിച്ചിട്ടുണ്ട്. അതിനപ്പുറം അദ്ദേഹത്തെ പോയിക്കാണുകയോ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യാറില്ല. വലിയ താരമല്ലേ. ഫ്രണ്ട്ഷിപ്പ് നിലനിര്‍ത്താനും മറ്റും അങ്ങനെ ബുദ്ധിമുട്ടിക്കാറില്ല. പുഷ്പ 2 ടീസര്‍ ഡബ്ബ് ചെയ്തു. ജൂലൈയിലാണ് സിനിമയുടെ ഡബ്ബിംഗ്.
അല്ലുവിനെ ഡയറക്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ..?
ഏറെ ആഗ്രഹമുണ്ട്. തുടക്കം മുതല്‍ മറ്റാരെക്കാളും കൂടുതല്‍ അല്ലുവിനെ കാണുന്ന ഒരാളാണു ഞാന്‍. അതുകൊണ്ടുതന്നെ കൂടുതല്‍ നന്നായി ചെയ്യാനാകും. വൈകാതെ അതുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
വീണ്ടും ഫീല്‍ഗുഡ് സിനിമ ചെയ്യുമോ..?
ത്രില്ലര്‍ ഇഷ്ടമാണ്. കൂടുതലിഷ്ടം ആളുകളെ ചിരിപ്പിക്കാനാണ്. ഇടയ്ക്ക് ഒരു ത്രില്ലര്‍ ചെയ്തെന്നേയുള്ളൂ. ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഫീല്‍ഗുഡ് ടൈപ്പാണ്.
ടി.ജി. ബൈജുനാഥ്