വൃത്തിയില്ലായ്മയുടെ പേരില് കെ.ബി.ഗണേശ് കുമാര് എംഎല്എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള് അടര്ന്നുവീണു.
തലവൂര് ആയുര്വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്ന്നു വീണത്. കെ.ബി ഗണേശ് കുമാര് എംഎല്എയുടെ ആസ്തി വികസന ഫണ്ടില് നിന്നും മൂന്നു കോടി രൂപ ചെലവില് നിര്മിച്ച കെട്ടിടത്തിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
ആശുപത്രി പല തവണ സന്ദര്ശിച്ച ഗണേശ് കുമാര് ഒരിക്കല് ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്ത്തയായിരുന്നു.
സംസ്ഥാന സര്ക്കാരിന്റെ ‘നിര്മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്നോട്ട ചുമതല. അതേസമയം, സംഭവത്തില് അഴിമതി ആരോപണവുമായി കോണ്ഗ്രസും ബിജെപിയും രംഗത്തെത്തി.
ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില് ആരോഗ്യമന്ത്രി വീണാ ജോര്ജ് വേദിയിലിരിക്കെ ആയുര്വേദ ഡോക്ടര്മാരുടെ സംഘടനകളെ ഗണേശ് കുമാര് വിമര്ശിച്ചത് വിവാദമായിരുന്നു.
സംഘടനാ ചുമതലയുള്ള ഡോക്ടര്മാരുടെ പേരുകള് പറഞ്ഞ്, ചില അലവലാതി ഡോക്ടര്മാര് തനിക്കെതിരെ പറയുന്നത് കേട്ടെന്നായിരുന്നു ഗണേശ് കുമാറിന്റെ പരാമര്ശം.
പുര കത്തുമ്പോള് വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികള് എന്നാണ് സംഘടനാ നേതാക്കളെ എംഎല്എ വിശേഷിപ്പിച്ചത്.
ഉദ്ഘാടനത്തിന് തയ്യാറായ കൊല്ലം തലവൂര് ആയുര്വേദ ആശുപത്രിയുടെ കാര്യത്തില് വീഴ്ച വരുത്തിയെന്നാരോപിച്ച് ഗണേശ് കുമാര് എംഎല്എ ആശുപത്രിയിലെ ചീഫ് മെഡിക്കല് ഓഫീസറെ പരസ്യമായി ശകാരിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടര്ച്ചയായാണ് ഉദ്ഘാടന വേദിയിലെ വിമര്ശനം വന്നത്.
ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ് ആശുപത്രി എംഎല്എ സന്ദര്ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്മാരെ വിമര്ശിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഡോക്ടര്മാരുടെ സംഘടനകളും ആരോഗ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. ഇതിനെതിരായാണ് ഗണേശ് കുമാര് വിമര്ശനം ഉന്നയിച്ചത്.
മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികള് മുടക്കി ഇത്രയും വലിയ കെട്ടിടം നിര്മ്മിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങള് വാങ്ങിയിട്ടാല് പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേശ് കുമാര് ആശുപത്രി അധികൃതരെ ശകാരിച്ചു.
കെട്ടിടം നിര്മ്മിച്ച് ഉപകരണങ്ങള് വാങ്ങിയിട്ടാല് പോരാ അത് പരിപാലിക്കാന് മതിയായ ജീവനക്കാരില്ല എന്നത് എംഎല്എ മനസിലാക്കണമെന്ന് ആയുര്വേദ മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് ആയുര്വേദ ഓഫീസേഴ്സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു.
പരാമര്ശം ഡോക്ടര്ക്കെതിരേയല്ലെന്നും ആശുപത്രിയിലെ വൃത്തിയില്ലായ്മയെ ചൂണ്ടികാണിച്ചതാണെന്നും ഗണേശ് മറുപടിയും പറഞ്ഞു.
പത്തനാപുരം ഗവണ്മെന്റ് ആയുര്വേദ ആശുപത്രി വൃത്തിയാക്കാത്തതിന് ഡോക്ടര്മാര് എംഎല്എ ഗണേശ്കുമാര് ശകാരിച്ച വീഡിയോ സൈബര് ഇടങ്ങളില് വൈറലായിരുന്നു.
എംഎല്എ വെറുതേ ഷോ കാണിച്ചു പോയാല് പോരെന്നാണ് ആയുര്വേദ ഡോക്ടര്മാരുടെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര് ആരോഗ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു.
എന്തായാലും ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില് തന്നെ കെട്ടിടത്തിന്റെ സീലിംഗുകള് പൊളിഞ്ഞു വീണത് സര്ക്കാരിനാകെ നാണക്കേടായിരിക്കുകയാണ്.