തലയാഴം: തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ പനച്ചിംതുരുത്ത് നിവാസികൾ വെള്ളപ്പൊക്ക കെടുതിയിൽ നട്ടംതിരിയുന്നു. പെയ്ത്തു വെളളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ 80 വീടുകൾ വെള്ളക്കെട്ടിലമരുകയാണ്.
വീടും പരിസരവും വെള്ളത്തിലായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. 40 ഏക്കർ വിസ്തൃതിയുള്ള പനച്ചിംതുരുത്ത് മാന്നാത്തുശേരി പാടശേഖരത്തിൽ കൃഷി മുടങ്ങിയതാണ് പ്രദേശവാസികൾക്കു തിരിച്ചടിയായത്.
കൃഷി നടത്തുന്ന സമയങ്ങളിൽ ശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചിരുന്നപ്പോൾ പാടശേഖരത്തോടു ചേർന്നു താമസിക്കുന്നവർക്കു വെള്ളപ്പൊക്ക ഭീഷണിയില്ലായിരുന്നു. കൃഷി മുടങ്ങിയതോടെ വെളളം വറ്റിക്കാൻ സാഹചര്യമില്ലാതായി.
ഇതോടെ പനച്ചിംതുരുത്ത്, കറുകത്തട്ട്, വാഴേക്കാട് എന്നീ പ്രദേശങ്ങളാണ് വെള്ളത്തിലായത്. പനച്ചിംതുരുത്ത് മേഖലയിൽ ഉണ്ടാകുന്ന അധിക ജലം പുത്തൻതോട് വഴി വേന്പനാട്ട് കായലിലേക്ക് പന്പു ചെയ്തു പുറം തള്ളുന്നതിനു മുന്പ് നടപടി സ്വീകരിച്ചിരുന്നു.
ഈ സംവിധാനം പുനസ്ഥാപിച്ചാൽ മാത്രമേ ഈ പ്രദേശത്തെ വെള്ളപൊക്കത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ കഴിയു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും മാർഗമില്ലാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും.
മാസങ്ങളായി കെട്ടി നിൽക്കുന്ന മലിനജലം കൊതുകുകൾ പരക്കാനും പകർച്ചവ്യാധികൾ പകരാനും വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രശ്നത്തിന്റെ ഗൗരവം ബന്ധപ്പെട്ട വിഭാഗങ്ങളെ നേരിട്ടറിയിച്ചിട്ടും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.