തലയോലപ്പറമ്പ് കൊലപാതകം വഴിത്തിരിവിലേക്ക്! കൊല്ലപ്പെട്ട മാത്യുവിന്റെ വാച്ചും അസ്ഥിക്കഷ്ണങ്ങളും കണ്ടെത്തി; തെരച്ചില്‍ തുടരുന്നു

ktm-crimeതലയോലപ്പറമ്പ്: കാലായില്‍ മാത്യുവിന്റെ കൊലപാതകം നിര്‍ണായക വഴിത്തിരിവിലേക്ക്. പ്രതി അനീഷിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കുഴിച്ചുമൂടി എന്നു പറയുന്ന കെട്ടിടത്തിനു സമീപത്ത് ഇന്നു രാവിലെ എട്ടിന് തെരച്ചില്‍ നടത്തി. തെരച്ചിലില്‍ വാച്ചും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ടെത്തിയ വാച്ച് പിതാവിന്റെ തന്നെയാണെന്ന് മകള്‍ നൈസി സ്ഥിതീകരിച്ചു. അസ്ഥികഷ്ണം മനുഷ്യന്റെതാകാമെന്ന സാധ്യത തള്ളികളയാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. ശാസ്ത്രീയമായ പരിശോധനയക്കു ശേഷമേ മനുഷ്യന്റെ അസ്ഥികഷ്ണമാണോയെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും ഫോറന്‍സിക് അധികൃതര്‍ വ്യക്തമാക്കി.

കെട്ടിടത്തിന്റെയും മതിലിന്റെയും ഇടയ്ക്കുള്ള സ്ഥലത്തു നിന്നാണ് അസ്ഥികഷ്ണം ലഭിച്ചത്. അസ്ഥികഷ്ണം ലഭിച്ചതോടെ സ്ഥലം കുഴിച്ചുള്ള പരിശോധന നടന്നു വരികയാണ്. ഇവിടെ ഒരുമീറ്ററില്‍ അധികം വീതി വരുന്ന സ്ഥലമാണുള്ളത്. സ്ഥലത്തു നിന്നെടുക്കുന്ന മണ്ണ് സൂഷ്മമായി പരിശോധന നടത്തുകയാണ്. സംഭവസ്ഥലത്ത് പ്രതിയായ അനീഷിനെ എത്തിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മാത്യുവിന്റെ മകള്‍ നൈസിയും സ്ഥലത്തുണ്ട്.പ്രതിയായ അനീഷിന്റെ പിതാവ് വാസു കഴിഞ്ഞ ദിവസം മാത്യുവിന്റെ മകള്‍ നൈസിയെ ഫോണില്‍ വിളിച്ചാണ് ഇങ്ങനെയൊരു കൊലപാതകം നടന്നതായി അറിയിച്ചത്. പ്രതിയുടെ പിതാവ് വാസുവിനു ലഭിച്ച ഒരു കത്താണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. കള്ളനോട്ട് കേസില്‍ ജയിലിലായിരുന്ന അനീഷിന്റെ കൂട്ടുകാരന്‍ അനീഷിന്റെ പേരില്‍ വീട്ടിലേക്കയച്ച കത്താണ് വാസുവിന് ലഭിച്ചത്.

കാണാതായ ദിവസം രാത്രി 10 വരെ മാത്യു അനീഷിനൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. ശേഷം ആശുപത്രി ക്കവലയ്ക്കു സമീപം അനീഷിന്റെ പ്രിന്റിംഗ് സ്ഥാപനത്തില്‍ എത്തുകയും അവിടെ വച്ച് മാത്യുവിനെ കൊലപ്പെടുത്തുകയും ചെയ്തതായാണ് അനീഷ് പോലീസിനു നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി. തുടര്‍ന്നു കടയുടെ പിന്നില്‍ കുഴിച്ചിട്ടതായും പ്രതി കുറ്റസമ്മതം നടത്തി. സാഹചര്യതെളിവുകള്‍ ഒത്തുവന്നതിനെത്തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലം പരിശോധിക്കുവാന്‍ പോലീസ് തീരുമാനിച്ചത്. പലിശയ്ക്കു പണം നല്കിയിരുന്ന മാത്യുവിനു വേണ്ടി പണപ്പിരിവു നടത്താന്‍ പോയിരുന്നത് അനീഷായിരുന്നു. ഇതിനെല്ലാം പുറമെ മാത്യുവും അനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു.

അനീഷ് സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തി മാത്യുവിന്റെ കൈയില്‍നിന്നു പലിശയ്ക്കു പണം വാങ്ങിയിരുന്നു. പണം തന്നില്ലെങ്കില്‍ വീട്ടിലുള്ളവരെ ഇറക്കിവിട്ടു വീടും സ്ഥലവും എഴുതിയെടുക്കുമെന്നു മാത്യു അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് കരുതുന്നു. കോട്ടയം എസ്പി എ.ജി. സൈമണ്‍, വൈക്കം എഎസ്പി കറുപ്പ്‌സ്വാമി, വൈക്കം സിഐ വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related posts