തലയോലപ്പറന്പ്: വീട്ടുകാർ ജോലിക്കുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. വടയാർ പൊട്ടൻചിറയിൽ വാടകയ്ക്കു താമസിക്കുന്ന മുട്ടുചിറ ഗവണ്മെന്റ് യുപി സ്കൂളിലെ ഹെഡ്മാസ്റ്റർ പ്രകാശന്റെ വീട്ടിലാണു കവർച്ച നടന്നത്.
വെള്ളിയാഴ്ച രാവിലെ ഒന്പതിന് കുട്ടികളെ സ്കൂളിലയച്ചശേഷം പ്രകാശനും ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ ഭാര്യ രജനിയും ജോലിക്കുപോയി. വൈകുന്നേരം ജോലികഴിഞ്ഞ് കല്ലറയിലുള്ള കുടുംബവീട്ടിൽ പോയി രാത്രി ഒന്പതോടെയാണു മടങ്ങിയെത്തിയത്.
വീടിനുള്ളിൽ കടക്കുന്നതിനായി പിൻവശത്തെ വാതിൽ തുറക്കാനെത്തിയപ്പോഴാണു വാതിലും ഇതിനോടു ചേർന്നു പിടിപ്പിച്ചിട്ടുള്ള ഷട്ടറും തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ വാതിലിന്റെ വിലപിടിപ്പുള്ള പൂട്ട് തുറന്നെങ്കിലും അകത്ത് ഇരുന്പ് പട്ടകൊണ്ടു നിർമിച്ച കൊളുത്ത് വട്ടമിട്ടിരുന്നതിനാൽ തുറക്കാനാവാതെ വന്നതോടെയാണു പിൻവശത്തെ വാതിലുകളുടെ താഴുകൾ തകർത്ത്് മോഷ്ടാവ് അകത്തുകടന്നത്.
ഉടൻ വീടിനകത്തുകടന്ന് അലമാരി തുറന്നു നോക്കിയപ്പോൾ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബോക്സ് നഷ്ടപ്പെട്ടെന്നു മനസിലാക്കിയതോടെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി. പോലീസ് എത്തി പരിശോധനനടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
വിശദമായ അന്വേഷണം നടത്തുന്നതിനായി വൈക്കം ഡിവൈഎസ്പി കെ. സുബാഷ്, സിഐ എസ്. ബിനു, തലയോലപ്പറന്പ് എസ്ഐ ടി.എ. ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. പ്രഫഷണൽ മോഷ്ടാക്കളാകാം സംഭവത്തിനുപിന്നിലെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും സിഐ എസ്. ബിനു പറഞ്ഞു.