ശ്രീകണ്ഠപുരം: മൂന്ന് വർഷം മുമ്പ് ഊരത്തൂർ പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ യുവാവിന്റേതെന്ന് ഡിഎൻഎ പരിശോധനാ ഫലം.
ഊരത്തൂരിൽ വാടകയ്ക്ക് താമസിക്കുകയും പിന്നീട് കാണാതാവുകയും ചെയ്ത ആസാം സ്വദേശി സെയ്ദാലി (20) യുടെ മൃതദേഹ അവശിഷ്ടങ്ങളാണെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്.
2018 ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ-കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്.
ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി പരിശോധന നടത്തിയ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
മൃതദേഹാവഷിഷ്ടങ്ങൾ കണ്ടെത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സെയ്ദാലി (20) യുടെ മൊബൈൽ കവർന്ന കേസിൽ ആസാം ബെർപേട്ട ജില്ലയിലെ അലോപ്പതി സാദിഖ് അലി (19) യെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തതല്ലാതെ കേസിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
സെയ്ദാലിയോടൊപ്പം ഊരത്തൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാദിഖ് അലിയെ 2018 ഏപ്രിൽ 16 ന് ആസാമിൽ വച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2017 ഒക്ടോബറിലാണ് സെയ്താലിയെ കാണാതായത്. മൃതദേഹാവശിഷ്ടങ്ങളുടെ പഴക്കവും സെയ്താലിയെ കാണാതായതും ഒരേ സമയത്തു തന്നെയാണ്.
ഇതോടെയാണ് സെയ്താലിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ, സെയ്താലിയെ കാണാതായതിനാൽ ആസാമിലെത്തിയിട്ടുണ്ടാകുമെന്ന് കരുതിയാണ് മൊബൈലുമായി താൻ ആസാമിലെത്തിയതെന്നാണ് ഇയാൾ പോലീസിന് നൽകിയിരുന്ന മൊഴി.
സെയ്താലിയെ കുറിച്ച് തുടർന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. മൊബൈൽ ഫോൺ മോഷണ കേസിൽ അറസ്റ്റിലായ സാദിഖ് അലി പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തുടർന്ന് ഇയാളെ ഇരിക്കൂർ പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്.