മുളംകുന്നത്തുകാവ്: ആ തലയോട്ടി ആരുടേതെന്നു തിരിച്ചറിയാൻ കഴിയാതെ പോലീസ് കുഴങ്ങുന്നു. മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ ഒരാഴ്ച മുൻപ് കണ്ടെത്തിയ തലയോട്ടി പോലീസിനു തലവേദനയായിരിക്കുകയാണ്. പത്തുദിവസം പഴക്കമുള്ള മധ്യവയസ്കന്റെ തലയോട്ടിയാണെന്നു ഫോറൻസിക് പരിശോധനയിൽ വ്യക്തമായെങ്കിലും തുടർന്നുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയ സ്ഥിതിയിലാണ്.
മെഡിക്കൽ കോളജ് പോലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സഹായകമായ ഒരു തുന്പുപോലും ഇതുവരെയും കിട്ടിയിട്ടില്ല. തെരുവുനായ്ക്കൾ കടിച്ച പാടുകളും രക്തക്കറയും തലയോട്ടിയിലുണ്ട്. ശരീരത്തിന്റെ ബാക്കിഭാഗങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഇതിനായി തെരച്ചിൽ വ്യാപകമായി നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെഡിക്കൽ കോളജ് കാന്പസ്, ആരോഗ്യസർവകലാശാല കാന്പസ് എന്നിവിടങ്ങളിലെ പൊന്തക്കാടുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമൊക്കെ പരിശോധനകൾ നടത്തി.
ആശുപത്രിയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും കാണാതായവരുടെ പേരുവിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണവും ഗുണം ചെയ്തിട്ടില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അജ്ഞാത തലയോട്ടിയെന്ന ഗണത്തിൽപെടുത്തി കേസ് ഫയൽ ക്ലോസ് ചെയ്യാനാണ് ഇപ്പോഴത്തെ സാധ്യത.