മുസാഫർപുർ: മസ്തിഷ്കജ്വരം ബാധിച്ച് 107 കുട്ടികൾ മരിച്ച മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് വളപ്പിൽനിന്നു തലയോട്ടികൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തശേഷം അലക്ഷ്യമായി മറവു ചെയ്തതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. മൃതദേഹങ്ങളോടു കൂടുതൽ മനുഷ്യത്വം കാണിക്കാമായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ ശഹി പറഞ്ഞു.
ബിഹാറിൽ ഇതുവരെ 140 കുട്ടികളാണ് രോഗം ബാധിച്ചു മരിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഭരണചുമതലയിൽപെട്ടതാണ് പോസ്റ്റ്മോർട്ടം വിഭാഗം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.